ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ സംബന്ധിച്ച് ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ കയറ്റുമതി മേഖലയില്‍ ആഹ്‌ളാദവും പ്രതീക്ഷയും. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ തുണിത്തരങ്ങളുടെ അളവ് ഏറെയാണ്. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 18 ശതമാനമായി താരിഫ് കുറക്കുമെന്ന പ്രഖ്യാപനമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയിരിക്കുന്നത്.
അമേരിക്കയിലേക്ക് ബംഗ്ലാദേശില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും തുണി ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാറുണ്ട് .എന്നാല്‍ ആ രാജ്യങ്ങളുമായുള്ള വ്യാപാര കരാര്‍ 20 ശതമാനം താരിഫ് ഉള്ളതാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ അമേരിക്ക രണ്ടു ശതമാനം താരിഫ് കുറവാണ് ഈടാക്കുന്നത്. ഇത് ഇന്ത്യന്‍ ഗാര്‍മെന്റ്‌സ് കയറ്റുമതിക്കാര്‍ക്ക് അനുകൂല ഘടകമാണ്.
വരുന്ന സീണണിലേക്കുള്ള തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷ നിര്‍മാതാക്കള്‍ തങ്ങളുടെ അമേരിക്കന്‍ ഓര്‍ഡര്‍ സംബന്ധിച്ച് കടുത്ത ആശങ്കയിലായിരുന്നു. രാജ്യത്തുനിന്നുള്ള ചെറുകിട കയറ്റുമതിക്കാര്‍ കുറച്ചുമാസങ്ങളായി കയറ്റുമതി നിര്‍ത്തി വെച്ചിരിക്കയായിരുന്നു.
വലിയ കമ്പനികള്‍ നേരത്തെ ഉറപ്പിച്ച കരാര്‍ ഉണ്ടായിരുന്നതിനാല്‍ നഷ്ടം സഹിച്ചും കരാര്‍ തുടരേണ്ട സാഹചര്യമുണ്ടായിരുന്നു.എന്നാല്‍ വ്യാപാര കരാര്‍ പ്രഖ്യാപിച്ചതോടെ, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ കൂടുതല്‍ ശക്തമാകാന്‍ കഴിയും. ഇന്ത്യയില്‍ നിന്നും പരവതാനി ഇറക്കുമതി കുറഞ്ഞതിനെ തുടര്‍ന്ന് തുര്‍ക്കിയില്‍ നിന്നായിരുന്നു അമേരിക്കയിലേക്ക് കൂടുതല്‍ പരവതാനികള്‍ കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍ താരിഫ് 25 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചതോടെ പരവതാനി കയറ്റുമതിയിലും വര്‍ധനവുണ്ടാകും.
അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ചെമ്മീന്‍ കൂടുതല്‍ എത്തിച്ചേരും. നിരവധി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 34 ശതമാനം നികുതിയാണ് ചുമത്തുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഉത്പ്‌നനങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ കൂടുതല്‍ ഇടംപിടിക്കും. ഓട്ടോ പാര്‍ട്സുകളിലും ലോഹങ്ങളിലും ഉള്ളതുപോലുള്ള ഉത്പന്നങ്ങള്‍ക്കുള്ള പഴയ താരിഫുകള്‍ നിലനില്‍ക്കുമെന്നാണ് സൂചനകള്‍.
ഇന്ത്യ യൂറോപ്യന്‍ യൂണിയനുമായി വ്യാപാര കരാര്‍ ഒപ്പുവെച്ചതിനു പിന്നാലെ അമേരിക്കയുമായി കരാര്‍ ആയതോടെ ഇന്ത്യന്‍ വ്യാപാര മേഖല കൂടുതല്‍ വിപുലപ്പെടും .കരാര്‍ ശക്തമായ വ്യാപാര ബന്ധങ്ങള്‍ക്കും പരസ്പര വളര്‍ച്ചയ്ക്കും വഴിയൊരുക്കുന്നതായും ഇരു രാജ്യങ്ങള്‍ക്കും അവരുടെ ജനങ്ങള്‍ക്കും വളരെയധികം പ്രയോജനം ചെയ്യുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സില്‍ പോസ്റ്റ് ചെയ്തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബിസിനസ്സ് കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഈ കരാര്‍ ‘രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങള്‍ അവരുടെ ജനങ്ങളുടെ അഭിവൃദ്ധിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ശക്തി വെളിപ്പെടുത്തുന്നുവെന്നു വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു,
Agreement announcement excites Indian exporters: More hope for exporters, including textiles













