ഇസ്രയേലിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരോടും അവരുടെ കുടുംബാംഗങ്ങളോടും അടിയന്തരമായി രാജ്യം വിടാൻ അമേരിക്ക നിർദ്ദേശിച്ചു. അത്യാവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഒഴികെയുള്ള മുഴുവൻ ജീവനക്കാരും ഉടൻ മടങ്ങണമെന്നാണ് വാഷിംഗ്ടൺ നൽകിയിരിക്കുന്ന കർശനമായ ഉത്തരവ്. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇസ്രയേലിൽ തുടരുന്നവർ പഴയ ജെറുസലേം, വെസ്റ്റ് ബാങ്ക് തുടങ്ങിയ സംഘർഷ സാധ്യതയുള്ള മേഖലകളിലേക്ക് യാത്ര ചെയ്യരുതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തീവ്രവാദ ആക്രമണ ഭീഷണിയാണ് ഔദ്യോഗികമായി ചൂണ്ടിക്കാട്ടുന്നതെങ്കിലും, ഇറാനുമായുള്ള യുദ്ധസാഹചര്യം മുന്നിൽ കണ്ടാണ് അമേരിക്കയുടെ ഈ അടിയന്തര നീക്കമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. മേഖലയിൽ യുഎസ്എസ് ജെറാൾഡ് ഫോർഡ് ഉൾപ്പെടെയുള്ള വമ്പൻ യുദ്ധക്കപ്പലുകൾ അമേരിക്ക ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. ഇറാനെതിരെ സൈനിക നീക്കം ഉണ്ടായാൽ ഇസ്രയേലിന് നേരെ ഉണ്ടായേക്കാവുന്ന പ്രത്യാക്രമണങ്ങളിൽ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെ സംരക്ഷിക്കുക എന്നതാണ് ഈ പിന്മാറ്റത്തിന്റെ പ്രധാന ലക്ഷ്യം.
പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടുമ്പോഴും സമാധാന ശ്രമങ്ങൾ തുടരുകയാണെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. ഇപ്പോൾ കൈക്കൊണ്ടിട്ടുള്ളത് മുൻകരുതൽ നടപടി മാത്രമാണെന്നും ഇസ്രയേലിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ അമേരിക്കയുടെ പെട്ടെന്നുള്ള ഈ പിന്മാറ്റം മേഖലയിൽ ഒരു വലിയ സൈനിക ഏറ്റുമുട്ടൽ ആസന്നമാണെന്ന ഭീതി വർധിപ്പിച്ചിരിക്കുകയാണ്.













