അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നതോടെ ഇന്ത്യൻ വ്യവസായി അനിൽ അംബാനിയും വിവാദ നിഴലിലായിരിക്കുകയാണ്. എപ്‌സ്റ്റീനും അനിൽ അംബാനിയും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറംലോകം അറിഞ്ഞിരിക്കുന്നത്. ഒരു ‘സ്വീഡിഷ് സുന്ദരി’യെ എപ്‌സ്റ്റീൻ അനിൽ അംബാനിക്ക് പരിചയപ്പെടുത്തുന്നതിനെക്കുറിച്ചും തുടർന്നുണ്ടായ ചർച്ചകളുമാണ് ഈ രേഖകളിലുള്ളതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പുറത്തുവന്ന പുതിയ ഫയലുകൾ പ്രകാരം, എപ്‌സ്റ്റീന്റെ സഹായിയായിരുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിനോട് അനിൽ അംബാനിയെക്കുറിച്ച് എപ്‌സ്റ്റീൻ സംസാരിക്കുന്നുണ്ട്. വിമാനത്തിലോ മറ്റോ വെച്ച് ഇവരുടെ കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കുന്നതിനെക്കുറിച്ചും ഒരു യുവതിയെ പരിചയപ്പെടുത്തുന്നതിനെക്കുറിച്ചും സംഭാഷണത്തിൽ പരാമർശമുണ്ട്. ലൈംഗിക ചൂഷണ കേസുകളിൽ ശിക്ഷിക്കപ്പെട്ട എപ്‌സ്റ്റീനുമായി ലോകത്തെ പ്രമുഖരായ പലർക്കും ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും ഒരു ഇന്ത്യൻ വ്യവസായിയുടെ പേര് നേരിട്ട് പരാമർശിക്കപ്പെടുന്നത് ഇതാദ്യമായാണ്.
എപ്‌സ്റ്റീന്റെ കുപ്രസിദ്ധമായ ‘ലിറ്റിൽ ബ്ലാക്ക് ബുക്കിൽ’ അനിൽ അംബാനിയുടെ പേരും കോൺടാക്റ്റ് വിവരങ്ങളും ഉൾപ്പെട്ടിരുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ വരുന്നത്. എന്നാൽ ഈ ആരോപണങ്ങളോട് അനിൽ അംബാനിയോ അദ്ദേഹത്തിന്റെ വക്താക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എപ്‌സ്റ്റീൻ കേസിൽ ലോകമെമ്പാടുമുള്ള രാഷ്ട്രീയ, ബിസിനസ് പ്രമുഖർ പ്രതിക്കൂട്ടിലായിരിക്കെ, പുറത്തുവരുന്ന ഓരോ പുതിയ വിവരങ്ങളും വലിയ ചർച്ചകൾക്കാണ് വഴിതെളിക്കുന്നത്.
Anil Ambani’s Phone Call with Jeffrey Epstein About ‘Swedish Beauty’ Revealed in New Files













