കൊച്ചി: സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് ഇന്ത്യ ലിമിറ്റഡിന്റെ (സിഡിഎസ്എല്‍) വാര്‍ഷിക സിമ്പോസിയമായ ‘റീ ഇമാജിന്‍: സെക്യൂരിറ്റീസ് മാര്‍ക്കറ്റ് ത്രൂ ഡാറ്റ സിനര്‍ജി’യുടെ മൂന്നാം പതിപ്പ് മുംബൈയില്‍ സംഘടിപ്പിച്ചു. സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡേ അധ്യക്ഷത വഹിച്ചു. സെബി അംഗം സന്ദീപ് പ്രധാന്‍, എച്ച്ഡിഎഫ്സി മുന്‍ വൈസ് ചെയര്‍മാനും സിഇഒയുമായിരുന്ന കെകി മിസ്ട്രി എന്നിവര്‍ വിശിഷ്ടാഥിതികളായി. നയരൂപകര്‍ത്താക്കള്‍, റെഗുലേറ്റര്‍മാര്‍, പ്രമുഖ മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങള്‍, ഇടനിലക്കാര്‍, വ്യവസായികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ സിമ്പോസിയത്തില്‍ സംബന്ധിച്ചു.
റീ ഇമാജിന്‍ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായി നടത്തിയ രാജ്യവ്യാപക മത്സരമായ റീ ഇമാജിന്‍ ഐഡീയത്തോണ്‍ 2026 ലെ വിജയികളെയും സിഡിഎസ്എല്‍ പ്രഖ്യാപിച്ചു. ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്നുള്ള പ്രോജക്ട് സഹായക് ഒന്നാം സമ്മാനമായ 5 ലക്ഷം രൂപ നേടി. ലഖ്‌നൗവിലെ ശ്രീറാംസ്വരൂപ് മെമ്മോറിയല്‍ കോളേജില്‍ നിന്നുള്ള പ്രോജക്ട് ഖേത് നിവേഷും ബാംഗ്ലൂരിലെ ബിഎന്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ള പ്രോജക്ട് നിവിയും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി മൂന്ന്, രണ്ട് ലക്ഷം രൂപ കരസ്ഥമാക്കി. 21 സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി ആയിരത്തിലധികം രജിസ്‌ട്രേഷനുകളാണ് ലഭിച്ചത്.
രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളെ നിക്ഷേപക വിദ്യാഭ്യാസത്തിലും അവബോധ ദൗത്യത്തിലും പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിച്ച റീഇമാജിന്‍ ഐഡിയാത്തോണ്‍ ചലഞ്ച് സംഘടിപ്പിച്ചതിന് സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡേ സിഡിഎസ്എലിനെ പ്രത്യേകം അഭിനന്ദിച്ചു. ഡാറ്റാഥിഷ്ടിത നവീകരണം, വിശ്വാസം, നിയന്ത്രണ ചട്ടക്കൂടുകള്‍, സൈബര്‍ സുരക്ഷ, ഡാറ്റാ കേന്ദ്രീകൃത സെക്യൂരിറ്റീസ് മാര്‍ക്കറ്റിനായുളള സാംസ്‌കാരിക മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചുള്ള തീമാറ്റിക് പാനല്‍ ചര്‍ച്ചകളും സിമ്പോസിയത്തില്‍ നടന്നു.













