വയനാട് പുനരധിവാസം: അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായില്ല, ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി; 178 വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി നിർവഹിക്കും

വയനാട് പുനരധിവാസം: അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായില്ല, ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി; 178 വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി നിർവഹിക്കും

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി. ആദ്യഘട്ടത്തിൽ പൂർത്തിയായ 178 വീടുകളുടെ കൈമാറ്റം ഈ ബുധനാഴ്ച നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ടൗൺഷിപ്പിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, കുടിവെള്ള ടാങ്ക്, ഡ്രെയിനേജ്, റോഡ് നിർമാണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാകാത്തതിനെത്തുടർന്നാണ് സർക്കാർ തീയതി നീട്ടിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി വീടുകൾ കൈമാറാനായിരുന്നു നീക്കമെങ്കിലും നിർമാണത്തിലെ പോരായ്മകൾ തിരിച്ചടിയായി.

ദുരന്തം നടന്ന് ഒരു വർഷവും ഏഴ് മാസവും പിന്നിടുമ്പോഴും അടച്ചുറപ്പുള്ള വീടിനായുള്ള ഇരകളുടെ കാത്തിരിപ്പ് നീളുകയാണ്. 410 വീടുകൾ ലക്ഷ്യമിടുന്ന ടൗൺഷിപ്പിൽ ആദ്യഘട്ടത്തിലെ വീടുകളുടെ പണി തീർന്നുവെങ്കിലും അനുബന്ധ സൗകര്യങ്ങളുടെ അഭാവം താമസത്തിന് തടസ്സമാകും. മാർച്ച് ഒന്നിന് താക്കോൽ കൈമാറ്റം നടന്നാലും ഈ സംവിധാനങ്ങൾ എത്രത്തോളം പ്രവർത്തനക്ഷമമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കാതെ വീടുകൾ നൽകുന്നത് വലിയ വിമർശനങ്ങൾക്കും നിയമക്കുരുക്കുകൾക്കും കാരണമാകുമെന്ന വിലയിരുത്തലും തീയതി മാറ്റാൻ കാരണമായിട്ടുണ്ട്.

കൈമാറുന്ന വീടുകളിലെ താമസയോഗ്യമായ സാഹചര്യം സംബന്ധിച്ചും ദുരന്തബാധിതർക്ക് ആശങ്കയുണ്ട്. ബാക്കിയുള്ള 232 വീടുകളുടെ നിർമാണം ഒരേസമയം നടക്കുന്നത് ടൗൺഷിപ്പിൽ കനത്ത പൊടിയും ശബ്ദമലിനീകരണവും ഉണ്ടാക്കുന്നുണ്ട്. വലിയ യന്ത്രങ്ങളും വാഹനങ്ങളും നിരന്തരം കടന്നുപോകുന്ന നിർമാണ മേഖലയിൽ കുടുംബങ്ങൾക്ക് സുരക്ഷിതമായി താമസിക്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം. നിലവിൽ നിർമാണം പുരോഗമിക്കുന്ന വീടുകൾ കൂടി പൂർത്തിയായ ശേഷമേ പൂർണ്ണമായ രീതിയിലുള്ള പുനരധിവാസം സാധ്യമാകൂ എന്നാണ് സൂചന.

Share Email
LATEST
Top