കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ കമ്പനിയുടെ ഭാവിയിൽ ആശങ്കയറിയിച്ച നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും ഉറച്ച ഉറപ്പുനൽകി മാനേജിംഗ് ഡയറക്ടർ ടി.എ. ജോസഫ് രംഗത്തെത്തി. കമ്പനിയുടെ ഒരു ഇടപാടുകാരന്റെ പോലും ഒരു രൂപ പോലും നഷ്ടമാകില്ലെന്നും നിലവിലുള്ള എല്ലാ പ്രോജക്റ്റുകളും മുൻനിശ്ചയിച്ച പ്രകാരം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.ജെ. റോയിയുടെ മരണത്തെത്തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ജെ. റോയിയുടെ വിയോഗത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ജീവനക്കാർ പോയതിനാലാണ് പ്രവൃത്തികൾക്ക് ചെറിയ ഇടവേള വന്നതെന്നും, ഇത് കമ്പനിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന ഒന്നല്ലെന്നും ടി.എ. ജോസഫ് വീഡിയോ സന്ദേശത്തിലൂടെ വിശദീകരിച്ചു. കമ്പനിക്ക് കടബാധ്യതകളില്ലെന്നും നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നും അദ്ദേഹം ആവർത്തിച്ചു.
സി.ജെ. റോയിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ രോഹിത് റോയിയും കേരളത്തിലെ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ടി.എ. ജോസഫും കമ്പനിയെ നയിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ചെയർമാന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഐടി റെയ്‌ഡിനിടെയുണ്ടായ മരണം രാജ്യത്തെ നികുതി ഭരണസംവിധാനത്തിന് തന്നെ കളങ്കമാണെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.













