സൈബർ ആക്രമണം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും പരാതി നൽകി അതിജീവിത

സൈബർ ആക്രമണം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും പരാതി നൽകി അതിജീവിത

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി അതിജീവിത. രാഹുൽ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തനിക്കെതിരെ കടുത്ത സൈബർ ആക്രമണം അഴിച്ചുവിടുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു. രാഹുലിനെതിരെ മൂന്നാം പരാതി നൽകിയ അതിജീവിതയാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ നേരിട്ട് സമീപിച്ചിരിക്കുന്നത്. സൈബർ ആക്രമണങ്ങളിലൂടെ തന്നെ നിശബ്ദയാക്കാനാണ് രാഹുലും സംഘവും ശ്രമിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി സ്വീകരിച്ച നടപടികൾ കേവലം പ്രതീകാത്മകം മാത്രമാണെന്നും പരാതിയിൽ പറയുന്നു. രാഹുലിന് വേണ്ടി കോൺഗ്രസ് സൈബർ ഹാൻഡിലുകൾ ഇപ്പോഴും വലിയ രീതിയിലുള്ള പി.ആർ. വർക്കുകൾ നടത്തുകയാണ്. കൂടാതെ, ഫെന്നി നൈനാൻ സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായി തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നും, കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ സ്വകാര്യ സംഭാഷണങ്ങളും ചാറ്റുകളും അനുവാദമില്ലാതെ പുറത്തുവിടുകയാണെന്നും അതിജീവിത കുറ്റപ്പെടുത്തി.

ഭീകരമായ മാനസിക ആഘാതത്തിലൂടെയാണ് താനുൾപ്പെടെയുള്ള ഓരോ ഇരയും കടന്നുപോകുന്നതെന്ന് അതിജീവിത പരാതിയിൽ വ്യക്തമാക്കുന്നു. പ്രായപൂർത്തിയാകാത്ത ഇരകൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇത്രയേറെ പ്രതിസന്ധികൾക്കിടയിലും പൊരുതാനുള്ള ശക്തി സംഭരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും, നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഹൈക്കമാൻഡിന് പരാതി നൽകുന്നതെന്നും അതിജീവിത കൂട്ടിച്ചേർത്തു. പൊതുഅഭിപ്രായത്തെ സ്വാധീനിക്കാൻ കോൺഗ്രസ് സൈബർ ഹാൻഡിലുകളെ ഉപയോഗിക്കുന്നത് തടയണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Share Email
LATEST excelnclexrn
More Articles
Top