ചിക്കാഗോ : നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA)യുടെ മിഡ്വെസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റായി (RVP) ദീപു നായരെ നിയമിച്ചു. മിന്നസോട്ട, വിസ്‌കോണ്‍സിന്‍, ഇലിനോയി എന്നിവ ഉള്‍പ്പെടുന്ന മിഡ്വെസ്റ്റ് മേഖലയില്‍ KHNAയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുകയും യുവതലമുറയെ കൂടുതല്‍ സജീവമായി സംഘടനയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം.
കഴിഞ്ഞ പതിമൂന്ന് വര്‍ഷങ്ങളായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘടനാപാടവവും പ്രവര്‍ത്തനക്ഷമതയും തെളിയിച്ച വ്യക്തിയാണ് ദീപു നായര്‍. കാലിഫോര്‍ണിയയില്‍ ആരംഭിച്ച അദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനങ്ങള്‍ പിന്നീട് ചിക്കാഗോവിലേക്ക് വ്യാപിച്ചു. കലാ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ അദ്ദേഹം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ സമൂഹ ഏകോപനത്തിന്റെ ശക്തമായ വേദിയായി മാറ്റണമെന്ന ലക്ഷ്യത്തോടെയാണ് KHNAയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
KHNAയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സദ്ഗമയ ടി.വി.യുടെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു വരുന്ന ദീപു, ആത്മീയവും സാംസ്‌കാരികവുമായ ആശയങ്ങളെ ആധുനിക മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. പുതുതലമുറയില്‍ ആത്മവിശ്വാസവും പൈതൃകബോധവും വളര്‍ത്തിയെടുക്കുന്നതില്‍ സാങ്കേതിക വിദ്യയും മാധ്യമങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ ദര്‍ശനം.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദീപു നായര്‍, First American Title എന്ന സ്ഥാപനത്തില്‍ സേവനമനുഷ്ഠിക്കുന്നു. ഭാര്യയോടും മകളോടുംൊപ്പം ചിക്കാഗോയില്‍ താമസിക്കുന്ന അദ്ദേഹം, പ്രവാസി മലയാളി സമൂഹത്തിന്റെ വിവിധ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു.
ദീപു നായറുടെ നിയമനത്തെക്കുറിച്ച് പ്രതികരിച്ച KHNA പ്രസിഡന്റ് T. Unnikrishnan പറഞ്ഞു: ‘മാറ്റങ്ങളെ സ്വീകരിക്കാന്‍ ധൈര്യമുള്ള, ആശയങ്ങളെ പ്രവര്‍ത്തിയാക്കി മാറ്റാനുള്ള കഴിവുള്ള യുവ നേതാക്കളെയാണ് KHNA തേടുന്നത്. ദീപു നായര്‍ അത്തരത്തിലുള്ള വ്യക്തിയാണ്. സാംസ്‌കാരിക ദര്‍ശനവും സാങ്കേതിക പരിചയവും ഒരുമിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മിഡ്വെസ്റ്റ് മേഖലയില്‍ KHNAയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ വേഗത ലഭിക്കും.’
ജനറല്‍ സെക്രട്ടറി സിനു നായര്‍, ട്രഷറര്‍ അശോക് മേനോന്‍, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ ഹരിലാല്‍, ജോയിന്റ് ട്രഷറര്‍ അപ്പുക്കുട്ടന്‍ പിള്ള എന്നിവര്‍ ഉള്‍പ്പെടുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും ദീപു നായറുടെ പുതിയ നേതൃത്വ ചുമതലയ്ക്ക് ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്നു.
Deepu Nair appointed KHNA Midwest Regional Vice President: New direction for young leadership













