മാധ്യമങ്ങളിൽ പേര് വരുത്തി സ്ഥാനാർത്ഥിയാകാൻ നോക്കേണ്ട; നേതാക്കൾക്ക് താക്കീതുമായി കെ.സി. വേണുഗോപാൽ

മാധ്യമങ്ങളിൽ പേര് വരുത്തി സ്ഥാനാർത്ഥിയാകാൻ നോക്കേണ്ട; നേതാക്കൾക്ക് താക്കീതുമായി കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ഥാനാർത്ഥി മോഹികളായ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത താക്കീതുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മാധ്യമങ്ങളിലൂടെ അനാവശ്യ ചർച്ചകൾ ഉണ്ടാക്കി സ്ഥാനാർത്ഥിപ്പട്ടികയിൽ ഇടംപിടിക്കാൻ ശ്രമിക്കുന്നവരെ ഒരു കാരണവശാലും പരിഗണിക്കില്ലെന്ന് കെപിസിസി നേതൃയോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. ഇത്തരം രീതികൾ സ്വീകരിക്കുന്നവരെ പട്ടികയിൽ നിന്ന് നേരിട്ട് ഒഴിവാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സ്ഥാനാർത്ഥിത്വത്തിനായി പാർട്ടിയിൽ വലിയ തോതിൽ പിടിവലി നടക്കുന്ന പശ്ചാത്തലത്തിലാണ് വേണുഗോപാലിന്റെ ഈ കടുത്ത നിലപാട്. മത്സരത്തിൽ പരാജയപ്പെടുന്നവർക്ക് പിന്നീട് കോർപ്പറേഷൻ പദവികൾ ഉൾപ്പെടെയുള്ള യാതൊരു പരിഗണനയും നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് ഉള്ളിൽ അച്ചടക്കം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. തിരഞ്ഞെടുപ്പിൽ വിജയസാധ്യതയ്ക്ക് മാത്രമായിരിക്കും മുൻഗണന നൽകുകയെന്നും അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു.

അതേസമയം, കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ തനിക്കെതിരെ നടത്തിയ പരാമർശങ്ങളോടും വേണുഗോപാൽ പ്രതികരിച്ചു. “രാഹുൽ ഗാന്ധിയുടെ ഗുണ്ട” എന്നാണ് തന്നെ വിശേഷിപ്പിക്കുന്നതെങ്കിൽ അങ്ങനെ കരുതിക്കോളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാവർക്കും ഇടമുള്ള രീതിയിലായിരിക്കും കോൺഗ്രസ് മുന്നോട്ട് പോകുക. കേരളത്തിൽ പിആർ വർക്കുകൾ കൊണ്ട് ജീവിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്നും സംസ്ഥാനത്തെ വിലക്കയറ്റം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Share Email
LATEST
More Articles
Top