ലൈംഗിക പീഡനക്കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.കെ. മുരളി നൽകിയ പരാതിയിൽ നിയമസഭ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി നടപടി തുടങ്ങി. പരാതിക്കാരനായ വാമനപുരം എം.എൽ.എ ഡി.കെ. മുരളിയെ ഫെബ്രുവരി 23-ന് ഹിയറിംഗിനായി കമ്മിറ്റി വിളിച്ചുവരുത്തിയിട്ടുണ്ട്. സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ട പരാതിയിൽ മുരളിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുട നടപടികൾ സ്വീകരിക്കുക. രാഹുലിന്റെ പെരുമാറ്റം സഭയുടെ അന്തസ്സിന് വിരുദ്ധമാണെന്നാണ് മുരളിയുടെ ആരോപണം.
എത്തിക്സ് കമ്മിറ്റി യോഗത്തിൽ മുരളിയുടെ പരാതിക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തിയത്. പരാതിയിൽ സാങ്കേതിക പിഴവുകളുണ്ടെന്നും ക്രിമിനൽ കേസുകളുടെ പേരിൽ അയോഗ്യനാക്കാൻ സഭയ്ക്ക് അധികാരമില്ലെന്നും അവർ വാദിച്ചു. എന്നാൽ, രാഹുലിന്റെ കേസുകൾ സഭയിൽ ക്രമപ്രശ്നമായി ഉന്നയിക്കാൻ അവസരം വേണമെന്ന മുരളിയുടെ ആവശ്യം സമിതി ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരമൊരു ആവശ്യം പരിഗണിക്കുന്നതിലെ നിയമസാധുതയെ പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചെയ്തു.
ഡി.കെ. മുരളിയുടെ മൊഴി എടുത്ത ശേഷം രാഹുൽ മാങ്കൂട്ടത്തിലിനെയും സമിതി കേൾക്കും. അതിനുശേഷമേ കമ്മിറ്റി അന്തിമ റിപ്പോർട്ട് സ്പീക്കർക്ക് നൽകുകയുള്ളൂ. സാങ്കേതിക നടപടികൾക്കും മൊഴിയെടുക്കലിനും സമയം ആവശ്യമുള്ളതിനാൽ ഈ നിയമസഭാ സമ്മേളനത്തിനുള്ളിൽ അന്തിമ തീരുമാനമുണ്ടാകാൻ സാധ്യതയില്ല. രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും, എത്തിക്സ് കമ്മിറ്റി വഴി അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള സി.പി.എം നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.













