തൊണ്ടിമുതൽ കേസിൽ ശിക്ഷ റദ്ദാക്കില്ല; ആന്റണി രാജുവിന് തിരിച്ചടി, അയോഗ്യതയും മത്സരിക്കാനുള്ള വിലക്കും തുടരും

തൊണ്ടിമുതൽ കേസിൽ ശിക്ഷ റദ്ദാക്കില്ല; ആന്റണി രാജുവിന് തിരിച്ചടി, അയോഗ്യതയും മത്സരിക്കാനുള്ള വിലക്കും തുടരും

ലഹരിക്കേസ് പ്രതിയെ സഹായിക്കാൻ കോടതിയിലെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് കനത്ത തിരിച്ചടി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ജില്ലാ സെഷൻസ് കോടതി ശരിവെച്ചു. താൻ കുറ്റക്കാരനാണെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ അപ്പീൽ കോടതി തള്ളിയതോടെ, നിയമസഭാ അംഗത്വത്തിൽ നിന്നുള്ള അയോഗ്യത തുടരും. ഈ വിധിയോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അതിനടുത്ത തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് മത്സരിക്കാൻ സാധിക്കില്ല.

1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ 61 ഗ്രാം ഹാഷിഷുമായി പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സർവലിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തിയെന്നാണ് കേസ്. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു, കോടതി ക്ലർക്ക് ജോസുമായി ചേർന്ന് ഗൂഢാലോചന നടത്തി പ്രതിക്ക് പാകമാകാത്ത വിധം മറ്റൊരു അടിവസ്ത്രം കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഈ കൃത്രിമത്വം കാരണം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ വർഷങ്ങൾക്കുശേഷം ഈ തിരിമറി പുറത്തുവന്നതോടെയാണ് കുറ്റകരമായ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുത്തത്.

ജില്ലാ സെഷൻസ് കോടതി കൂടി ശിക്ഷ ശരിവെച്ചതോടെ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ച വ്യക്തിക്ക് ശിക്ഷാകാലാവധിക്ക് ശേഷം ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ വിലക്കുണ്ട്. നിലവിൽ സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാവിധി സ്റ്റേ ചെയ്താൽ മാത്രമേ അദ്ദേഹത്തിന് ഇനി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് തിരിച്ചുവരാൻ സാധിക്കൂ.

Share Email
Top