(ഫോമാ ന്യൂസ് ടീമിനു വേണ്ടി എ.എസ് ശ്രീകുമാര്‍ തയ്യാറാക്കിയത്)
ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ ഭാവി വളര്‍ച്ച മുന്നില്‍ക്കണ്ട് 2025 ഒക്‌ടോബര്‍ 25-ന് ഫിലഡല്‍ഫിയയില്‍ നടന്ന മിഡ് ടേം ജനറല്‍ ബോഡി അവതരിപ്പിച്ച കോണ്‍സ്റ്റിറ്റിയൂഷന്‍ അമന്‍മെന്റ് സംഘടനയുടെ കെട്ടുറപ്പിനും ഭാവികാല വളര്‍ച്ചയ്ക്കും ജനകീയ മുന്നേറ്റങ്ങള്‍ക്കും ഉതകുന്നതാണെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ ചൂണ്ടിക്കാട്ടി. ബൈലോ കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ് (സലീം), നാഷണല്‍ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ബബ്‌ലു ചാക്കോ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച 15 ഇന ബൈലോ അമന്‍മെന്റ് ജനറല്‍ ബോഡിയില്‍ ഐകകണ്‌ഠ്യേനയാണ് പാസാക്കിയത്.


റീജിയനുകളുടെ പുനര്‍നിര്‍ണയമാണ് ഏറ്റവും പ്രധാനപ്പെട്ട ബൈലോ ഭേദഗതി. യു.എസിലെയും കാനഡയിലെയും 98 അംഗ സംഘടനകളെ ജിയോഗ്രാഫിക്കലായാണ് വിവിധ റീജിയനുകളായി വിഭജിക്കുക.അതാത് പ്രദേശങ്ങളിലെ റീജിയനുകളെ, അവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും വലിയ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ പുനക്രമീകരണം. ഈ വിഭജനം സംബന്ധിച്ച് റീജിയനുകളുടെ പേരുവിവരങ്ങള്‍ നാഷണല്‍ കമ്മിറ്റിയെ അറിയിക്കണം.

അമന്‍മെന്റിന്റെ വിശദ വിവരങ്ങള്‍ ഇപ്രകാരമാണ്: മുന്‍ കാലങ്ങളില്‍ ഫോമായ്ക്ക് നേതൃത്വം നല്‍കിയ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ ജനറല്‍ ബോഡിയില്‍ വോട്ടവകാശത്തോടുകൂടിയ ഡെലിഗേറ്റുകളായിരിക്കും. നാഷണല്‍ വിമന്‍സ് ഫോറം ചെയര്‍ പെഴ്‌സണ്‍ വോട്ടവകാശത്തോടുകൂടിയ ഡെലിഗോയിരിക്കും. ഫോമായുടെ പി.ആര്‍.ഒയ്ക്കും കണ്‍വന്‍ഷന്‍ കമ്മിറ്റി ചെയര്‍മാനും വോട്ടവകാശമുണ്ട്. * 3 മുതല്‍ 9 മെമ്പര്‍ അസോസിയേഷനുകള്‍ വരെയുള്ള റീജിയനുകള്‍ക്ക് 2 നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരുണ്ടായിരിക്കും. പത്തോ അതിലധികമോ അസോസിയേഷനുകളുള്ള റീജിയനുകളില്‍ നിന്ന് 3 നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരുണ്ടാകും.
നാഷണല്‍ അഡൈ്വസറി കൗണ്‍സിലില്‍ മെമ്പര്‍ അസോസിയേഷനുകളുടെ പ്രസിഡന്റോ അദ്ദേഹം നോമിനേറ്റ് ചെയ്യുന്ന വ്യക്തികളോ അതോടൊപ്പം അംഗ സംഘടനകളുടെ മുന്‍ പ്രസിഡന്റ് അല്ലെങ്കില്‍ അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന വ്യക്തിയും നാഷണല്‍ അഡൈ്വസറി കൗണ്‍സിലില്‍ വോട്ടവകാശത്തോടകൂടിയ ഡെലിഗേറ്റുകളായിരിക്കും. കൂടാതെ സ്തുത്യര്‍ഹമായ നിലയില്‍ കാലാവധി പൂര്‍ത്തിയാക്കിയ എല്ലാ ഫോമാ മുന്‍ പ്രസിഡന്റുമാരും നാഷണല്‍ അഡൈ്വസറി കൗണ്‍സിലിലെ വോട്ടവകാശത്തോടു കൂടിയ അംഗങ്ങളായിരിക്കും.
രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയുള്ള നാഷണല്‍ കമ്മിറ്റിയിലേക്കുള്ള ഏതൊരു തിരഞ്ഞെടുപ്പും ‘ജനറല്‍ ഇലക്ഷന്‍’ (പൊതു തിരഞ്ഞെടുപ്പ്) ആണ്. ജനറല്‍ ഇലക്ഷനുവേണ്ടിയുള്ള ജനറല്‍ ബോഡി യോഗത്തിന് 6 മാസം മുമ്പ് 3 അംഗ ഇലക്ഷന്‍ കമ്മിഷനെ നിയമിക്കേണ്ടതാണ്. അതിലൊരാള്‍ ഐറ്റി വൈദഗ്ധ്യമുള്ള വ്യക്തിയായിരിക്കണം. ഈ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിക്കപ്പെട്ട തീയതി മുതല്‍ ഒരു വര്‍ഷമാണ് ഇവരുടെ കാലാവധി.
അംഗ സംഘടനകള്‍ നിലവിലുള്ള മെമ്പര്‍ അസോസിയേഷനുകളുടെ അതേ പേരോ സമാനമായ പേരോ ഉപയോഗിക്കരുത്. പൊതുജനങ്ങളുടെ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും കമ്മ്യൂണിറ്റി പ്രാതിനിധ്യത്തില്‍ വ്യക്തത വരുത്തുന്നതിനും വേണ്ടി ഒരു തനതായ പേര് സ്വീകരിക്കേണ്ടതാണ്.
കംപ്ലയന്‍സ് കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരം നേഷണല്‍ കമ്മിറ്റി ഈ ഭരണഘടനയും ബൈലോകളും ഭേദഗതി ചെയ്യണമെന്ന് തീരുമാനിക്കുമ്പോള്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി, നാല് അംഗങ്ങള്‍ എന്നിവരടങ്ങുന്ന ഏഴ് അംഗ ബൈലോ കമ്മിറ്റിയെ നിയമിക്കും. ചെയര്‍പേഴ്‌സണ്‍ ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ മുന്‍ അംഗമായിരിക്കണം.
അംഗങ്ങളില്‍ ഒരാള്‍ നിലവിലുള്ള നാഷണല്‍ കമ്മിറ്റി മെമ്പറായിരിക്കണം. ഫോമാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ എക്‌സ്-ഒഫീഷ്യോ അംഗങ്ങളായിരിക്കും. അംഗ സംഘടനകളുമായും ഫോമായുടെ അഭ്യുദയകാംക്ഷികളുമായും കൂടിയാലോചിച്ച് കമ്മിറ്റി ബൈലോ പഠിക്കുകയും ആവശ്യാനുസരണം ഭേദഗതി വരുത്തുകയും ചെയ്യും. ജനറല്‍ ബോഡിക്ക് ആവശ്യമെന്ന് കരുതുന്ന ബൈലോകളില്‍ ഭേദഗതികള്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യും.
അടിയന്തര സാഹചര്യങ്ങളില്‍ ഒഴികെ, അവസാന ഭേദഗതിയുടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ ബൈലോകള്‍ ഭേദഗതി ചെയ്യാന്‍ പാടില്ല. അടിയന്തര സാഹചര്യത്തില്‍, മൂന്ന് കൗണ്‍സിലുകളുടെയും ദേശീയ കമ്മിറ്റിയുടെയും ഒഫീഷ്യലുകള്‍ ഈ ബൈലോകള്‍ ഭേദഗതി ചെയ്യുന്നതിനായി ഒരു ബൈലോ കമ്മിറ്റിയെ നിയമിക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് ശുപാര്‍ശ ചെയ്യാം.
ജനറല്‍ ഇലക്ഷനിലേക്കോ മിഡ് ടേം ഇലക്ഷനിലേക്കോ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ വോട്ടുകള്‍ക്ക് പകരമായി പ്രതിനിധികള്‍ക്കോ മെമ്പര്‍ അസോസിയേഷനുകള്‍ക്കോ സാമ്പത്തിക സഹായങ്ങള്‍, പണം, സമ്മാനങ്ങള്‍, സേവനങ്ങള്‍, അല്ലെങ്കില്‍ മൂല്യമുള്ള ഏതെങ്കിലും വസ്തുക്കള്‍ എന്നിവ വാഗ്ദാനം ചെയ്യാന്‍ പാടില്ല. ഒരു സ്ഥാനാര്‍ത്ഥി ഈ ആര്‍ട്ടിക്കിള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍, ആ സ്ഥാനാര്‍ത്ഥിക്ക് രണ്ട് ടേം കാലത്തേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പ്പിക്കും.
ഫോമ തിരഞ്ഞെടുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരോ വോട്ടുകള്‍ക്ക് പകരമായി പണമോ സമ്മാനങ്ങളോ സേവനങ്ങളോ മറ്റ് ആനുകൂല്യമോ വോട്ടിംഗ് സ്വഭാവത്തെ സ്വാധീനിക്കാന്‍ തക്കതായ കാര്യങ്ങള്‍ സ്വീകരിക്കുകയോ അഭ്യര്‍ത്ഥിക്കുകയോ ചെയ്താല്‍ അവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ട് ടേം കാലത്തേക്ക് വോട്ട് ചെയ്യുന്നതില്‍ നിന്നും ഏതെങ്കിലും പദവി വഹിക്കുന്നതില്‍ നിന്നും അയോഗ്യരാക്കും.
ഇതര മലയാളി ഫെഡറേഷന്‍/സംഘടന (ഉദാഹരണത്തിന് ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍, വേള്‍ഡ് മലയാളി ഫെഡറേഷന്‍) തുടങ്ങിയവയില്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്നവര്‍ക്കോ ഇവയുടെ പ്രതിനിധികള്‍ക്കോ ഫോമായില്‍ മല്‍സരിക്കാനോ പ്രതിനിധികളാകാനോ അര്‍ഹതയില്ല. കാരണം, ഇത് ഫോമായുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. മത, രാഷ്ട്രീയ, പ്രൊഫഷണല്‍ സംഘടനകള്‍ക്ക് ഇക്കാര്യം ബാധകമല്ല. നിലവിലുള്ളതും തുടര്‍ന്നുള്ളതുമായ ഒരു വര്‍ഷത്തെ കാലാവധിയിലേക്കാണ് ഈ നിയന്ത്രണം.
ഫോമായുടെ അക്കൗണ്ടുകളുടെയും രേഖകളുടെയും കൈമാറ്റം, ഏറ്റെടുക്കല്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി, ദേശീയ കമ്മിറ്റി, ദേശീയ ഉപദേശക സമിതി എന്നിവയുടെ സത്യപ്രതിജ്ഞാ ചടങ്ങ് എന്നിവ തിരഞ്ഞെടുപ്പ് വര്‍ഷത്തിലെ ഒക്ടോബര്‍ മാസത്തിലെ നാലാം ശനിയാഴ്ചയോ അതിനുമുമ്പോ നടക്കും. സ്ഥാനമൊഴിയുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചുകൂട്ടുകയും സ്ഥാനമൊഴിയുന്ന ഫോമാ പ്രസിഡന്റ് അധ്യക്ഷത വഹിക്കുകയും ചെയ്യുന്ന ഒരു ജനറല്‍ ബോഡി യോഗത്തിലാണ് ഈ പ്രക്രിയ നടക്കേണ്ടത്.
പ്രസ്തുത യോഗത്തില്‍, സ്ഥാനമൊഴിയുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി വാര്‍ഷിക റിപ്പോര്‍ട്ടും ഓഡിറ്റ് ചെയ്ത കണക്കും അവതരിപ്പിക്കേണ്ടതാണ്. പുതുതായി വരുന്ന കമ്മിറ്റി അവരുടെ കാലയളവിലേക്കുള്ള ബജറ്റ് അവതരിപ്പിക്കണം. സ്ഥാനമൊഴിയുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി ഫെഡറേഷന്റെ ഫണ്ടുകള്‍, ആസ്തികള്‍, മീറ്റിംഗുകളുടെ മിനിറ്റ്‌സ്, അക്കൗണ്ടിംഗ്, ടാക്‌സ് ഡോക്യുമെന്റ്‌സ്, മറ്റ് രേഖകള്‍, മൊത്തത്തിലുള്ള ബാലന്‍സ് തുടങ്ങിയവ പുതിയ ഭാരവാഹികള്‍ക്ക് കൈമാറേതുണ്ട്.
ഓരോ ടേമിനും, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി, നാഷണല്‍ കമ്മിറ്റി, നാഷണല്‍ അഡൈ്വസറി കമ്മിറ്റി എന്നിവയുടെ ആദ്യ യോഗവും സത്യപ്രതിജ്ഞാ ചടങ്ങും ഫെഡറേഷന്റെ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അധ്യക്ഷത വഹിക്കുകയും നിയന്ത്രിക്കുകയും ചെയ്യും കംപ്ലയന്‍സ് കമ്മിറ്റിയുടെ സാന്നിധ്യത്തില്‍ ചെയര്‍മാന്‍, നാഷണല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍, മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവരും ജനറല്‍ ബോഡിയില്‍ ഉണ്ടായിരിക്കേണ്ടതാണ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി, നാഷണല്‍ കമ്മിറ്റി, നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ എന്നിവയെ കണ്‍വന്‍ഷന്റെ അവസാന ദിവസത്തെ ബാങ്ക്വറ്റ് സെഷനില്‍ പരിചയപ്പെടുത്തും. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരാണ് ഈ കൃത്യം നിര്‍വഹിക്കുക.
പുതിയ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ആര്‍.വി.പിമാര്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാര്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇലക്ഷന് ശേഷം ഒക്‌ടോബര്‍ മാസത്തില്‍ നടക്കുന്ന ഹാന്‍ഡിങ് ഓവര്‍ സെറിമണിയില്‍ വച്ചായിരിക്കും. ഈ ചടങ്ങില്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അധ്യക്ഷത വഹിക്കും.
സജി എബ്രഹാം ആണ് ബൈലോ കമ്മിറ്റി വെസ് ചെയര്‍. ജെ മാത്യൂസ്, അഡ്വ. മാത്യു വൈരമണ്‍, സിജോ എബ്രഹാം എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്. ബൈലോ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി നിരന്തരം ചര്‍ച്ച ചെയ്ത് വരുത്തിയ ഭരണഘടനാ ഭേദഗതി സംഘടനാ ചരിത്രത്തിലെ നാഴികക്കല്ലാവുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
FOMAA Constitution amendment approved













