ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗമായ ആൻഡ്രു മൗണ്ട്ബാറ്റൺ വിൻഡ്സർ (ആൻഡ്രു രാജകുമാരൻ) അറസ്റ്റിലായി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാരോപിച്ചാണ് തേംസ് വാലി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഈ നിർണ്ണായക നീക്കം. ഇന്ന് പുലർച്ചെ ആൻഡ്രു താമസിക്കുന്ന സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെത്തിയാണ് പോലീസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
തന്റെ 66-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ആൻഡ്രുവിനെ തേടി പോലീസ് എത്തിയത് എന്നത് ശ്രദ്ധേയമാണ്. ആറ് പോലീസ് വാഹനങ്ങളിലായാണ് ഉദ്യോഗസ്ഥർ എസ്റ്റേറ്റിലെത്തിയത്. 2010-ൽ ആൻഡ്രു ജെഫ്രി എപ്സ്റ്റീന് ചില വ്യാപാര റിപ്പോർട്ടുകൾ അയച്ചു എന്ന റിപ്പോർട്ടുകൾ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. ഔദ്യോഗിക പദവി വ്യക്തിപരമായ നേട്ടങ്ങൾക്കോ മറ്റ് അനധികൃത പ്രവർത്തനങ്ങൾക്കോ ഉപയോഗിച്ചു എന്നതിലാണ് ഇപ്പോൾ വിശദമായ അന്വേഷണം നടക്കുന്നത്.
കേസ് അന്വേഷണത്തിൽ പൂർണ്ണമായ വസ്തുനിഷ്ഠതയും സുതാര്യതയും ഉറപ്പാക്കുമെന്ന് തേംസ് വാലി പോലീസ് പ്രസ്താവനയിൽ അറിയിച്ചു. എപ്സ്റ്റീൻ കേസിലെ വിവാദ ഫയലുകൾ പുറത്തുവന്നതിന് പിന്നാലെ ആൻഡ്രുവിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. രാജകുടുംബാംഗത്തിന്റെ അറസ്റ്റ് ബ്രിട്ടീഷ് രാജഭരണകൂടത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയും ആഗോളതലത്തിൽ ചർച്ചയുമായിരിക്കുകയാണ്.













