തിരുവനന്തപുരം :
റോഡ് സുരക്ഷാ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ വിദ്യാർഥികളിൽ റോഡ് സുരക്ഷാ സംസ്‌കാരം വളർത്തിയെടുക്കുന്നതിനും അതിലൂടെ വാഹന അപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.
നിയമസഭാ മീഡിയ റൂമിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ.
‘റോഡ് സേഫ്റ്റി കേഡറ്റ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം മാവേലിക്കരയിൽ നടക്കും. മാവേലിക്കരയിലെ ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്‌കൂളിൽ പദ്ധതിയുടെ പൈലറ്റ് റൺ വിജയകരമായി പൂർത്തിയാക്കി. പരിശീലനം പൂർത്തിയാക്കിയ 30 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡും ഉദ്ഘാടന ദിവസം നടക്കും. ആദ്യഘട്ടത്തിൽ ഓരോ വിദ്യാഭ്യാസ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട ഓരോ ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്കാണ് മുൻഗണന. അടുത്ത അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകളിലേക്ക് പദ്ധതി വിപുലീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ഒരു ബാച്ചിൽ 30 വിദ്യാർഥികൾ വീതം തുല്യ അനുപാതത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടാകും. 15 മണിക്കൂർ പഠന ക്ലാസുകൾ, 5 മണിക്കൂർ പ്രവൃത്തിപരിചയം, 10 മണിക്കൂർ ശാരീരിക പരിശീലനം എന്നിവ ഇവർക്ക് നൽകും. നീന്തൽ ഉൾപ്പെടെയുള്ള ജീവൻ രക്ഷാ പരിശീലനവും ഇതിൽ ഉൾപ്പെടും. റോഡ് നിയമങ്ങൾ കൂടാതെ അഗ്‌നിശമന സേനയുമായി ചേർന്ന് ട്രോമാകെയർ, പ്രഥമ ശുശ്രൂഷ, ലഹരി വിരുദ്ധ പ്രവർത്തനം എന്നിവയിലും പരിശീലനം നൽകും. കെ.എസ്.ആർ.ടി.സി വർക്ക്‌ഷോപ്പുകൾ വഴി സാങ്കേതിക പ്രവൃത്തിപരിചയവും ലഭ്യമാക്കും. സ്‌കൂൾ വാനുകളിൽ സേഫ്റ്റി കോർഡിനേറ്റർമാരായി പ്രവർത്തിക്കാനും സ്‌കൂൾ പരിസരത്തെ ഗതാഗതം നിയന്ത്രിക്കാനും കേഡറ്റുകളെ വിനിയോഗിക്കും. അപകട സ്ഥലങ്ങൾ സന്ദർശിച്ച് അപകട കാരണങ്ങൾ വിശകലനം ചെയ്യാൻ എം.വി.ഡി ഉദ്യോഗസ്ഥരെ സഹായിക്കാനും ഇവരുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.
ചുവപ്പിൽ കറുപ്പും മഞ്ഞയും വരകളുള്ള ടീഷർട്ട്, കറുത്ത പാന്റ്‌സ്, ഷൂസ്, മെറൂൺ ക്യാപ്പ് എന്നിവയാണ് റോഡ് സേഫ്റ്റി കേഡറ്റുകളുടെ യൂണിഫോം. യൂണിഫോമിനായി കെ.ആർ.എസ്.എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കും. പരിശീലനം പൂർത്തിയാക്കുന്ന റോഡ് സേഫ്റ്റി കേഡറ്റുകൾക്ക് മോട്ടോർ വാഹന വകുപ്പ് സർട്ടിഫിക്കറ്റുകൾ നൽകുമെന്നും ഇവർക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രിമാർ അറിയിച്ചു.













