വയനാടിന് കരുതലായി പുനരധിവാസ ടൗൺഷിപ്പ്; ആദ്യഘട്ടം 25-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വയനാടിന് കരുതലായി പുനരധിവാസ ടൗൺഷിപ്പ്; ആദ്യഘട്ടം 25-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വസ്വവും നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരി 25-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 മണിക്ക് എൽസ്റ്റൺ എസ്റ്റേറ്റിൽ വെച്ച് നടക്കുന്ന ചടങ്ങിൽ, ആദ്യഘട്ടത്തിൽ പൂർത്തിയായ 175 വീടുകളുടെ താക്കോൽദാനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി നിർവ്വഹിക്കും. ദുരന്തബാധിതർക്ക് സുരക്ഷിതമായ പുതിയ ജീവിതം ഉറപ്പാക്കുമെന്ന സർക്കാരിന്റെ വാഗ്ദാനം അതിവേഗത്തിൽ യാഥാർത്ഥ്യമാകുന്നതിന്റെ അടയാളമാണിതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ദുരന്തത്തിന് പിന്നാലെ കേരളം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തിന്റെ ഫലമാണ് ഈ ടൗൺഷിപ്പെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അവഗണനകൾക്കും പ്രതിസന്ധികൾക്കുമിടയിലും തളരാതെ മുന്നോട്ടുപോയ സർക്കാരിനൊപ്പം ജനങ്ങൾ കരുത്തായി നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ പടുത്തുയർത്തിയ ഈ വീടുകൾ വെറും കെട്ടിടങ്ങളല്ല, മറിച്ച് അതിജീവനത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത മഴക്കാലത്തിന് മുൻപായി ആകെ 327 ഗുണഭോക്താക്കൾക്കും ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവാസം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നിലവിൽ 175 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറുന്നത്. ബാക്കിയുള്ള വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. സർക്കാർ ജീവനക്കാരും സാധാരണക്കാരും സ്കൂൾ കുട്ടികളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഈ മഹാദൗത്യത്തിൽ പങ്കാളികളായി. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് മാന്യമായ ജീവിതസാഹചര്യം ഒരുക്കുന്നതിലൂടെ മാനവികതയുടെ പുതിയ മാതൃകയാണ് കേരളം ഉയർത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തം തകർത്തെറിഞ്ഞ വയനാടിന് പ്രത്യാശയുടെ പുതിയ വെളിച്ചമായി ഈ ടൗൺഷിപ്പ് മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Share Email
LATEST
Top