ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ യാഥാർത്ഥ്യമായതോടെ രാജ്യത്തെ കയറ്റുമതി മേഖലയിൽ വലിയ പ്രതീക്ഷകൾ ഉയരുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക ചുമത്തിയിരുന്ന ഉയർന്ന തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതാണ് പ്രധാന നേട്ടം. ഇത് ടെക്സ്റ്റൈൽസ്, സമുദ്രോല്പന്നങ്ങൾ, തുകൽ വ്യവസായം തുടങ്ങിയ മേഖലകൾക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ ഉണർവ് നൽകും. എന്നാൽ, കരാറിന്റെ ഭാഗമായി അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി തുറന്നു നൽകുന്നത് ആഭ്യന്തര കർഷകരെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്.
അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ വൻതോതിൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനാകുമെന്ന് യുഎസ് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസ് അവകാശപ്പെട്ടതാണ് ആശങ്കകൾക്ക് കാരണമായത്. ചോളം, സോയാബീൻ തുടങ്ങിയ വിളകൾക്ക് വിപണി ലഭിക്കുന്നത് തങ്ങളുടെ കർഷകർക്ക് വലിയ നേട്ടമാകുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. എന്നാൽ ക്ഷീരമേഖല ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ കാർഷിക മേഖലകളെ കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗികമായ വ്യക്തത ഇതുവരെ ലഭിച്ചിട്ടില്ല. കർഷക താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും വിട്ടുവീഴ്ചകൾ ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിക്കുമ്പോഴും അമേരിക്കൻ പ്രസ്താവനകൾ വിരുദ്ധമായ സൂചനകളാണ് നൽകുന്നത്.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാമെന്ന ഇന്ത്യയുടെ സമ്മതവും, അമേരിക്കയിൽ നിന്ന് ഊർജ്ജ-സാങ്കേതിക വിദ്യകൾ വാങ്ങാനുള്ള തീരുമാനവും കരാറിന്റെ ഭാഗമാണ്. 500 ബില്യൺ ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന് ട്രംപ് അവകാശപ്പെടുമ്പോൾ, ഇത് രാജ്യത്തിന്റെ കാർഷിക-ക്ഷീര മേഖലകളിലെ സ്വയംപര്യാപ്തതയെ ബാധിക്കുമെന്നാണ് പ്രതിപക്ഷവും കർഷക സംഘടനകളും ചൂണ്ടിക്കാട്ടുന്നത്. ജനിതക മാറ്റം വരുത്തിയ വിളകൾ ഇറക്കുമതി ചെയ്യാനുള്ള നീക്കം കർഷകരുടെ നട്ടെല്ലൊടിക്കുമെന്നും സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.













