തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണസംഘത്തിനെതിരെ കോടതിയുടെ കടുത്ത വിമർശനം. സംഭവം നടന്ന് മൂന്ന് വർഷം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതെന്ന് കോടതി ചോദിച്ചു.
കേസ് രജിസ്റ്റർ ചെയ്ത് ഇത്രയും കാലമായിട്ടും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആരാഞ്ഞു.
2022 ജൂണിലായിരുന്നു കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.
ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. മുൻ എം.എൽ.എ കെ.എസ്. ശബരീനാഥനും ഈ കേസിൽ പ്രതിയാണ്.
വിമാനത്തിനുള്ളിലെ പ്രതിഷേധത്തിൽ വധശ്രമമോ എയർക്രാഫ്റ്റ് സെക്യൂരിറ്റി നിയമങ്ങളുടെ ലംഘനമോ നിലനിൽക്കില്ലെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.













