ആശങ്കകളില്ലാതെ വിരമിക്കാം.. ആത്മവിശ്വാസത്തോടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള വഴികൾ ഇതാ…

ആശങ്കകളില്ലാതെ വിരമിക്കാം.. ആത്മവിശ്വാസത്തോടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള വഴികൾ ഇതാ…

ബ്രൈറ്റ് ലൈഫ് ഗ്രൂപ്പ്” ലൈസൻസഡ് ഫിനാൻഷ്യൽ പ്രഫഷണൽ ജോൺ ജേക്കബു മായി, ‘നേർക്കാഴ്ച’ അസോസിയേറ്റ് എഡിറ്റർ സജി പുല്ലാട് നടത്തിയ അഭിമുഖം.

വിരമിക്കൽ ആസൂത്രണം (Retirement planning) പലപ്പോഴും സങ്കീർണമായ കണക്കുകൂട്ടലുകളാല്‍ നമ്മെ ഭയപ്പെടുത്താറുണ്ട്. ഓരോരുത്തരും കൈവരിക്കേണ്ട കൃത്യമായ ലക്ഷ്യങ്ങൾ തിരിച്ചറിയുന്നത് വിരമിക്കൽ കാലം സുരക്ഷിതമാക്കാൻ സഹായിക്കും. ഓരോ ഘട്ടത്തിലും നമ്മൾ സ്വീകരിക്കേണ്ട സാമ്പത്തിക തന്ത്രങ്ങൾ എന്തൊക്കെയായിക്കണം. പണത്തെ എങ്ങനെയാണ് കൃത്യമായി കൈകാര്യം ചെയ്യേണ്ടത്.

?വിരമിക്കൽ എന്ന് പറയുമ്പോൾ പലർക്കും അത് ജോലി അവസാനിക്കുന്ന സമയം മാത്രമായി തോന്നുന്നു. നിങ്ങൾ ഇതിനെ എങ്ങനെ കാണുന്നു?

..വിരമിക്കൽ ഒരു ജോലി അവസാനിക്കുന്ന നിമിഷമല്ല; അത് ജീവിതത്തിലെ മറ്റൊരു വലിയ യാത്രയുടെ തുടക്കമാണ്. ഈ ഘട്ടത്തിൽ പലരുടെയും മനസ്സിൽ ഉയരുന്ന ഒരു ചോദ്യം ഉണ്ട്
“ഇനി ഞാൻ ജോലി നിർത്തിയാൽ, എന്റെ മാസവരുമാനം എവിടെ നിന്നാകും?”
ഈ ചോദ്യം നേരത്തേ തന്നെ ഗൗരവമായി ചിന്തിക്കാതെ പോയാൽ, വിരമിക്കൽ കാലം ആശങ്കകളോടെയാകും.

? ഇന്ത്യയിൽ നിന്ന് വന്നവർക്ക് അമേരിക്കയിലെ വിരമിക്കൽ സംവിധാനങ്ങൾ മനസ്സിലാക്കാൻ എന്തുകൊണ്ട് പ്രയാസമാകുന്നു?

….നമ്മിൽ പലരും ഇന്ത്യയിൽ പഠിച്ച സാമ്പത്തിക ശീലങ്ങളാണ് ഇവിടെത്തന്നെ തുടർന്നും പ്രയോഗിക്കുന്നത്. പക്ഷേ അമേരിക്കയിലെ നികുതി നിയമങ്ങളും വിരമിക്കൽ സംവിധാനങ്ങളും വ്യത്യസ്തമാണ്. 401(k), 403(b) പോലുള്ള സംവിധാനങ്ങൾ ഇവിടെ സാധാരണമാണ്. ഇവയെ ശരിയായി മനസ്സിലാക്കി ഉപയോഗിച്ചാൽ വലിയ നേട്ടം ലഭിക്കും. അതിന് സമയം ചെലവഴിച്ച് പഠിക്കേണ്ടതുണ്ട്.

? 401(k), 403(b) പോലുള്ള നിക്ഷേപങ്ങളിൽ റിസ്ക് ഉണ്ടോ?

….തീർച്ചയായും ഉണ്ട്. ഈ നിക്ഷേപങ്ങൾ പലപ്പോഴും മാർക്കറ്റുമായി ബന്ധിപ്പിച്ചതാണ്. മാർക്കറ്റ് ഉയരുമ്പോൾ വളർച്ച ഉണ്ടാകും; എന്നാൽ മാർക്കറ്റ് താഴ്ന്നാൽ അതുവഴി നമ്മുടെ നിക്ഷേപ വളർച്ച നേരിട്ട് ബാധിക്കപ്പെടും.
എന്നാൽ ഞാൻ എന്റെ ക്ലയന്റുകളോട് എല്ലായ്പ്പോഴും പറയുന്ന ഒരു കാര്യമുണ്ട്: ഇത്തരത്തിലുള്ള നിക്ഷേപങ്ങളിൽ പോകുമ്പോൾ തൊഴിലുടമകൾ നൽകുന്ന “മാച്ചിംഗ് തുക” നിങ്ങൾക്ക് ലഭിക്കുന്ന ഒരു “ഫ്രീ മണി” തന്നെയാണ്. അത് നഷ്ടപ്പെടുത്തരുത്. ആ നേട്ടം തീർച്ചയായും ഉപയോഗപ്പെടുത്തണം.
പക്ഷേ, ഈ നിക്ഷേപങ്ങൾ നമ്മുടെ ജീവിതഘട്ടത്തിന് എത്രമാത്രം അനുയോജ്യമാണ് എന്നത് മനസ്സിലാക്കി മാത്രമേ തീരുമാനങ്ങൾ എടുക്കേണ്ടത്.

? അപ്പോൾ അന്യൂട്ടി (Annuity) എന്നത് എന്താണ്? അത് എങ്ങനെ സഹായിക്കുന്നു?

അന്യൂട്ടി എന്നത് ഇൻഷുറൻസ് കമ്പനികളുമായി ചെയ്യുന്ന ഒരു ദീർഘകാല കരാറാണ്. വിരമിച്ച ശേഷം സ്ഥിരമായ വരുമാനം ലഭിക്കാൻ ഇത് സഹായിക്കുന്നു. ചില തരത്തിലുള്ള അന്യൂട്ടികൾ മാർക്കറ്റ് ഇടിവുകളിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിപണി താഴ്ന്നാലും, നമ്മുടെ വിരമിക്കൽ സമ്പാദ്യം തകരാതെ നിലനിൽക്കാൻ ഇത് സഹായിക്കും. പെൻഷൻ പോലെയുള്ള സ്ഥിരത തേടുന്നവർക്ക് ഇത് വലിയ ആശ്വാസമാണ്.

? വിരമിക്കൽ സമയത്ത് കിട്ടുന്ന പണം ഉടൻ പിൻവലിക്കുന്നത് ശരിയായ തീരുമാനമാണോ?

പലപ്പോഴും അല്ല. ഒരുമിച്ച് വലിയൊരു തുക പിൻവലിച്ചാൽ നികുതി കൂടുതലാകും. എന്നാൽ ആ പണം ശരിയായ രീതിയിൽ ക്രമീകരിച്ചാൽ, നികുതി പിന്നീട് അടയ്ക്കുന്ന രീതിയിൽ പണം വളരാൻ സമയം ലഭിക്കും. ചെറിയ തീരുമാനങ്ങൾ പോലും, വർഷങ്ങൾക്ക് ശേഷം വലിയ വ്യത്യാസം സൃഷ്ടിക്കും.

? ഒരൊറ്റ പ്ലാനിൽ ഒതുങ്ങുന്നതാണോ നല്ലത്?

…ഒരിക്കലും അല്ല. വിരമിക്കൽ വിജയത്തിന്റെ രഹസ്യം ഒരൊറ്റ മാർഗത്തിൽ ഒതുങ്ങുന്നതല്ല. എപ്പോഴും നമ്മുടെ നിക്ഷേപങ്ങൾ വൈവിധ്യമാർന്ന രീതിയിൽ (portfolio diversify ചെയ്ത്) ക്രമീകരിച്ചുള്ള പദ്ധതിയാണ് നല്ലത്. വളർച്ച, സംരക്ഷണം, സ്ഥിരമായ വരുമാനം ഈ മൂന്നു ഘടകങ്ങൾക്കും ശരിയായ ബാലൻസ് കണ്ടെത്തണം. ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്; അതിനാൽ ഒരേ മാർഗം എല്ലാവർക്കും പറ്റില്ല.

? അവസാനമായി, വായനക്കാർക്ക് നിങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം എന്താണ്?

…ശരിയായ വിവരങ്ങൾ അറിയുമ്പോഴാണ് ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയുക. അതിനാൽ, ശരിയായ തീരുമാനങ്ങൾ ഉചിതമായ സമയത്ത് എടുക്കുക അതാണ് ആശങ്കകളില്ലാത്ത, ആത്മവിശ്വാസമുള്ള വിരമിക്കൽ ജീവിതത്തിലേക്കുള്ള വഴി.

Share Email
LATEST
More Articles
Top