ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി കെ.കെ. ബാലകൃഷ്ണൻ ചുമതലയേൽക്കും

ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി കെ.കെ. ബാലകൃഷ്ണൻ ചുമതലയേൽക്കും

കൊച്ചി: ഏറെ ചർച്ച ചെയ്യപ്പെട്ട നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെ സ്ഥലം മാറ്റി. ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായാണ് പുതിയ നിയമനം. ഹണി എം. വർഗീസിന് പകരമായി, നിലവിൽ ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്ന കെ.കെ. ബാലകൃഷ്ണനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി നിയമിച്ചു.

ഹൈക്കോടതി പുറപ്പെടുവിച്ച പുതിയ ഉത്തരവിലാണ് ഈ സ്ഥലംമാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വാഭാവികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി ദീർഘകാലം സേവനമനുഷ്ഠിച്ച ഹണി എം. വർഗീസ്, നടിയെ ആക്രമിച്ച കേസിന്റെ വിചാരണയും വിധിപ്രസ്താവനയും നടത്തിയതോടെയാണ് വാർത്തകളിൽ ശ്രദ്ധിക്കപ്പെട്ടത്.

നേരത്തെ കാസർകോട് ജില്ലാ ജഡ്ജിയായിരുന്ന കെ.കെ. ബാലകൃഷ്ണൻ, റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞതിന് പിന്നാലെയാണ് ആലപ്പുഴയിലേക്ക് മാറിയത്. ഇപ്പോൾ അദ്ദേഹം എറണാകുളത്തെ പ്രധാന ജുഡീഷ്യൽ പദവിയിലേക്ക് എത്തുകയാണ്. സംസ്ഥാനത്തെ വിവിധ ജില്ലാ ജഡ്ജിമാരുടെ പൊതുവായ സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് ഈ നടപടി.


Share Email
LATEST
Top