അഗ്നിശുദ്ധി തെളിയിച്ച് കേജ്രിവാൾ; കേന്ദ്രസർക്കാരിനും സർക്കാർ ഏജൻസികൾക്കും തിരിച്ചടി

അഗ്നിശുദ്ധി തെളിയിച്ച് കേജ്രിവാൾ; കേന്ദ്രസർക്കാരിനും സർക്കാർ ഏജൻസികൾക്കും  തിരിച്ചടി

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ അടിവേരിളക്കിയ ഡൽഹി മദ്യനയക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും വിചാരണ കോടതി കുറ്റവിമുക്തരാക്കിയത്‌ കേന്ദ്രസർക്കാരിനും ബിജെപിക്കും വലിയ രാഷ്ട്രീയ തിരിച്ചടിയായി. ബിആർഎസ് നേതാവ് കെ. കവിത ഉൾപ്പെടെയുള്ള കേസിലെ മുഴുവൻ പ്രതികളെയും വെള്ളിയാഴ്ച കോടതി വിട്ടയച്ചു. എതിർപക്ഷത്തുള്ളവരെ കള്ളക്കേസിൽ കുടുക്കി രാഷ്ട്രീയ നേട്ടം നടത്താൻ കേന്ദ്ര ഏജൻസികളായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, സിബിഐ, വിജിലൻസ്, ഇൻകംടാക്സ് തുടങ്ങി. സർക്കാർ സംവിധാനങ്ങളെ ഭരണകൂടം ഉപകരണമാക്കുന്നു എന്ന വലിയ ആരോപണങ്ങൾ ശരിവയ്ക്കും വിധമാണ് ഇന്നത്തെ വിധിവന്നത്. മദ്യനയ അഴിമതി കേസിൽ കേജ്രിവാളിന് എതിരെ ഒരു തെളിവും ഇല്ല എന്ന് കോടതി വ്യക്തമാക്കിയിരിക്കുകയാണ്. പിന്നെ എന്തിനാണ് കേജ്രിവാളിനെ ആറുമാസക്കാലം തീഹാർ ജയിലിൽ പിടിച്ചിട്ടത് ?. അതും മുഖ്യമന്ത്രി ആയിരിക്കെ. മനീഷ് സിസോദിയ ആകട്ടെ 3 കൊല്ലമാണ് അഴിക്കുള്ളിൽ കഴിഞ്ഞത്. രാഷ്ട്രീയ വിരോധമുള്ള ആരേയും തീർക്കാൻ ഒരു കള്ളക്കേസ് ചമച്ച് അകത്തിടുക. പിന്നെ അകപ്പെട്ടുപോയ വ്യക്തിയുടെ ഉത്തരവാദിത്വമാണ് തൻ്റെ നിരപരാധിത്വം തെളിയിക്കുക എന്നത്. ഇത്തരം രാഷ്ട്രീയ തന്ത്രങ്ങൾക്ക് ധാർമികമായ ഒരു ന്യായീകരണം ഇല്ല. അതിന് ഏതു ചാണക്യനെ കൂട്ടുപിടിച്ചിട്ടും കാര്യമില്ല.

‘ഞാൻ അഴിമതിക്കാരനല്ല, അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും സത്യസന്ധരാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്” എന്നാണ് ആംആദ്മി പാർട്ടി ദേശീയ കൺവീനർ കൂടിയായ കെജ്രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. വികാരനിർഭരനായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ അദ്ദേഹം മറുപടി നൽകിയത് മോദിക്കും അമിത് ഷായ്ക്കുമാണ്.

”ഇന്ന് ഈ കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതേവിട്ടിരിക്കുന്നു. സത്യം ജയിക്കുമെന്ന് ഞങ്ങൾ എപ്പോഴും പറഞ്ഞിരുന്നു. ഇന്ത്യൻ നിയമവ്യവസ്ഥയിൽ ഞങ്ങൾക്ക് പൂർണവിശ്വാസമുണ്ട്. അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്ന് ആംആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചന നടത്തി. പാർട്ടിയിലെ അഞ്ച് മുതിർന്ന നേതാക്കളെ ജയിലിലടച്ചു. മുഖ്യമന്ത്രിയെ വീട്ടിൽനിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ജയിലിലാക്കി. കെജ്രിവാൾ അഴിമതിക്കാരനല്ല. എന്റെ ജീവിതത്തിൽ സത്യസന്ധത മാത്രമേ പുലർത്തിയിട്ടുള്ളൂ. കെജ്രിവാളും സിസോദിയയും സത്യസന്ധരാണെന്ന് ഇന്ന് കോടതി പറഞ്ഞിരിക്കുന്നു” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മനീഷ് സിസോദിയയെ കെട്ടിപ്പിടിച്ച് കരഞ്ഞ കെജ്‌രിവാൾ കഠിനാധ്വാനത്തിലൂടെ താൻ സമ്പാദിച്ചത് സത്യസന്ധത മാത്രമാണെന്നും ഒടുവിൽ സത്യം ജയിച്ചുവെന്നും പ്രതികരിച്ചു. ഭരണഘടനയെ ഒരു തമാശയാക്കി മാറ്റരുതെന്നും ജനങ്ങളെ സേവിച്ചുകൊണ്ട് അധികാരം നിലനിർത്താനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ കുറ്റവിമുക്തനായതോടെ പാർട്ടിയുടെ തകർന്നുപോയ രാഷ്ട്രീയ പ്രതിച്ഛായ വീണ്ടെടുക്കാനും ഡൽഹിയിൽ അധികാരരാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനും ആം ആദ്മിക്ക് കഴിയുമോ എന്നോണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കേസിൽ നിന്ന് മുക്തമാകുന്ന കെജ് രിവാൾ തന്നെ കുടുക്കാനായി ബിജെപി നടത്തിയ രാഷ്ട്രീയ കളിയാണിതെന്ന് കോടതി വിധി ഉയർത്തി ചോദിക്കുമ്പോൾ ബിജെപിക്കും കേന്ദ്ര സർക്കാരിനും മറുപടി പറയുക എളുപ്പമാവില്ല

അഴിമതി വിരുദ്ധ പാർട്ടിക്ക് അഴിമതിയുടെ പ്രതിച്ഛായ നൽകിയ കേസ്

കേസിനെത്തുടർന്നുണ്ടായ വിവാദങ്ങൾ ആം ആദ്മി പാർട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. അഴിമതിവിരുദ്ധ പോരാട്ടത്തിലൂടെ അധികാരത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിനും സംഘത്തിനും സ്വന്തം പാർട്ടിയുടെ മുൻനിര നേതാക്കൾ അഴിമതിക്കേസിൽ ജയിലിലായത് വലിയ തിരിച്ചടിയായി. ബിജെപി കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തു. ബിജെപി രാഷ്ട്രീയ നേട്ടത്തിനായി കെട്ടിച്ചമച്ചതായിരുന്നു ഈ കേസ് എന്ന് വിലയിരുത്തലുകൾ അന്നു തന്നെയുണ്ടായി. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് പുറത്തുവന്ന സിഎജി റിപ്പോർട്ട് പ്രകാരം ഡൽഹി ഖജനാവിന് 2002 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ആരോപിച്ചാണ് ബിജെപി പ്രചാരണം നയിച്ചത്.പുതിയ നയത്തിന് കീഴിൽ മദ്യത്തിന്റെ ലഭ്യത വർധിച്ചതായി കണക്കുകൾനിരത്തി, സ്ത്രീ വോട്ടുകൾ ലക്ഷ്യം വെച്ച് ബിജെപി പ്രചാരണംനടത്തി.

ഇത് ആം ആദ്മി പാർട്ടിക്കെതിരെയുള്ള മനഃപൂർവമായ വേട്ടയാടലാണെന്നും അന്വേഷണ ഏജൻസികളെ ബിജെപി രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും വിവിധ കോണുകളിൽനിന്ന് വിമർശനം ഉയരുകയും ചെയ്തിരുന്നു. വിചാരണ പോലും നടത്താൻ പര്യാപ്തമായ ഒരു തെളിവുമില്ലാത്ത കേസാണെന്ന് പറഞ്ഞാണ് കോടതി കേസിൽ എല്ലാവരേയും കുറ്റവിമുക്തരാക്കിയത്. വിധി പ്രത്യക്ഷത്തിൽ സിബിഐക്ക് കനത്ത തിരിച്ചടിയാണെങ്കിലും ആഘാതം ബിജെപിക്ക് കൂടിയാണ്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നുവെന്ന ആക്ഷേപത്തിന് ബലം നൽകുന്ന വിധിയായി പ്രതിപക്ഷത്തിന് ഉയർത്തിക്കാട്ടാം.

2025-ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടായി. 2020-ൽ 62 സീറ്റുകൾ ഉണ്ടായിരുന്ന എഎപിക്ക് 2025-ൽ 22 സീറ്റുകളാണ് നേടാനായത്. ബിജെപി 48 സീറ്റുകൾ നേടി അധികാരം പിടിച്ചെടുത്തു. സ്വന്തം മണ്ഡലമായ ന്യൂഡൽഹിയിൽ ബിജെപിയുടെ പർവേഷ് വർമ്മയോട് അരവിന്ദ് കെജ്‌രിവാൾ പരാജയപ്പെട്ടു. മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ തുടങ്ങിയ പ്രമുഖ നേതാക്കളും തങ്ങളുടെ മണ്ഡലങ്ങളിൽ തോൽവി ഏറ്റുവാങ്ങി.

സിബിഐക്ക് കോടതിയുടെ കടുത്ത വിമർശനം

അന്വേഷണ ഏജൻസിയായ സിബിഐക്കെതിരെ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്. കേസിൽ ഗൂഢാലോചന നടത്തിയെന്നോ കുറ്റം ചെയ്തെന്നോ തെളിയിക്കാൻ സിബിഐക്ക് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. മതിയായ തെളിവുകളോ ഒരു സാക്ഷിമൊഴിയോ പോലും ഹാജരാക്കാൻ കഴിയാതെ എങ്ങനെയാണ് ഇവരെ പ്രതിചേർത്തതെന്ന് കോടതി ചോദിച്ചു. 2026-ൽ സിബിഐ സമർപ്പിച്ച 1000 പേജോളം വരുന്ന കുറ്റപത്രത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും പിഴവുകൾ മാത്രമാണെന്നും കോടതി കണ്ടെത്തി. ഗൂഢാലോചന നടന്നതിനും അഴിമതി നടന്നതിനും യാതൊരു തെളിവുമില്ലെന്നും ഇത് കേവലം ഭരണപരമായ ചർച്ചകൾ മാത്രമാണെന്നും കോടതി വ്യക്തമാക്കി.

എന്താണ് മദ്യനയ അഴിമതി കേസ്

2021 നവംബറിലാണ് ഡൽഹി സർക്കാർ പുതിയ മദ്യനയം നടപ്പിലാക്കിയത്. സർക്കാർ മദ്യശാലകൾ ഒഴിവാക്കി സ്വകാര്യ വ്യക്തികൾക്ക് ലൈസൻസ് നൽകുന്നതിലൂടെ കള്ളക്കടത്ത് തടയാനും സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു ഈ മാറ്റം. പുതിയ നയത്തിലൂടെ മദ്യശാലകൾ അർധരാത്രിവരെ പ്രവർത്തിക്കാനും പരിധിയില്ലാത്ത വിലക്കുറവുകൾ നൽകാനും അനുമതി നൽകി. ഇതിലൂടെ മദ്യവിൽപനയിൽ 27 ശതമാനം വർധനവ് ഉണ്ടായെന്ന് സർക്കാർ അവകാശപ്പെട്ടു.

തുടർന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും പിന്നാലെ സർക്കാർ പുതിയ മദ്യനയം പിൻവലിക്കുകയും ചെയ്തു. മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ റെയ്ഡ് നടത്തുകയും പിന്നീട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പണമിടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത ഉൾപ്പെട്ട ‘സൗത്ത് ഗ്രൂപ്പ്’ ആം ആദ്മി പാർട്ടിക്ക് കൈക്കൂലി നൽകിയെന്നും ഈ പണം ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നുമാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. മദ്യനയക്കേസിന്റെ ‘സൂത്രധാരൻ’ കെജ്‌രിവാളാണെന്ന് ഇഡി കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരിയിൽ മനീഷ് സിസോദിയയും തുടർന്ന് ഒക്ടോബറിൽ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങും അറസ്റ്റിലായി. 2024 മാർച്ച് 21-നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് സമയത്തെ മുഖ്യമന്ത്രിയുടെ അറസ്റ്റ് പാർട്ടിയെ തകർക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയിൽ വാദിച്ചു. കെജ്‌രിവാളിനെ ജയിലിൽ അടയ്ക്കാൻ സിബിഐ നടത്തിയത് ഒരു ‘ഇൻഷുറൻസ് അറസ്റ്റ്’ ആണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിന് തിരികെ ജയിലിലേക്ക് മടങ്ങേണ്ടിവന്നു.

Kejriwal verdict a setback for central government and government agencies






Share Email
LATEST
Top