മരണത്തിലും മാതൃകയായി ആലിൻ ഷെറിൻ; ഔദ്യോഗിക ബഹുമതികളോടെ കേരളം വിടനൽകും, മാതാപിതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മരണത്തിലും മാതൃകയായി ആലിൻ ഷെറിൻ; ഔദ്യോഗിക ബഹുമതികളോടെ കേരളം വിടനൽകും, മാതാപിതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കോട്ടയത്തുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന്റെ അവയവദാനം കേരളത്തിന് വലിയൊരു മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം കുഞ്ഞിന്റെ വേർപാടിലുണ്ടായ തീരാനോവിനിടയിലും അഞ്ച് പേർക്ക് പുതുജീവൻ നൽകാൻ മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാമിനെയും ഷെറിൻ ആൻ ജോണിനെയും മുഖ്യമന്ത്രി ഹാർദ്ദമായി അഭിനന്ദിച്ചു. രാത്രികാലങ്ങളിൽ ഹെലികോപ്റ്റർ യാത്രയ്ക്ക് അനുമതിയില്ലാത്തതിനാൽ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് അതിവേഗം അവയവങ്ങൾ എത്തിക്കാൻ റോഡ് മാർഗ്ഗം ‘ഗ്രീൻ ചാനൽ’ ഒരുക്കിയ പോലീസിനെയും സഹകരിച്ച ജനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ആലിനിൽ നിന്ന് സ്വീകരിച്ച അവയവങ്ങൾ രണ്ട് കുഞ്ഞുങ്ങളിൽ വിജയകരമായി വെച്ചുപിടിപ്പിച്ചതായും അവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായും അദ്ദേഹം അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം വിട്ടുകൊടുക്കുന്നതിനായി രാത്രി തന്നെ പോസ്റ്റ്മോർട്ടം നടത്താൻ കോട്ടയം മെഡിക്കൽ കോളേജിൽ പ്രത്യേക സജ്ജീകരണം ഒരുക്കിയതും സർക്കാർ-സ്വകാര്യ മേഖലകളുടെ മികച്ച ഏകോപനത്തിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വലിയ ത്യാഗത്തിന് ആദരമർപ്പിച്ചുകൊണ്ട് ആലിൻ ഷെറിന് ഔദ്യോഗിക ബഹുമതികളോടെ നാട് വിടനൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share Email
LATEST
Top