കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത അവഗണന, എയിംസ് കിട്ടുമെന്ന് പ്രതീക്ഷിച്ചു ,മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത അവഗണന, എയിംസ് കിട്ടുമെന്ന് പ്രതീക്ഷിച്ചു ,മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായി അവഗണിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ദീർഘകാലമായി സംസ്ഥാനം ഉന്നയിക്കുന്ന എയിംസ് (AIIMS) ഉൾപ്പെടെയുള്ള ഒരു ആവശ്യവും ഇത്തവണയും പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പല സംസ്ഥാനങ്ങൾക്കും ഒന്നിലധികം എയിംസ് അനുവദിക്കുമ്പോഴും കേരളത്തോടുള്ള ഈ വിവേചനം തുടരുകയാണെന്നും, അഞ്ച് പുതിയ മെഡിക്കൽ കേന്ദ്രങ്ങളുടെ പട്ടികയിലും കേരളമില്ലെന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.

എയിംസിനായി നാല് സ്ഥലങ്ങൾ നിർദ്ദേശിക്കുകയും പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും പലവട്ടം കണ്ട് ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഇത്തവണ പ്രഖ്യാപനം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് കേരളം കാത്തിരുന്നത്. എന്നാൽ എല്ലാ പ്രാവശ്യത്തെയും പോലെ നിരാശയാണ് ഫലമെന്നും, കേരളം ഇന്ത്യയുടെ ഭൂപടത്തിൽ ഉള്ള കാര്യം ധനമന്ത്രി നിർമ്മല സീതാരാമൻ മറന്നുപോയതുപോലെയാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

കേന്ദ്രത്തിന്റെ ഈ അവഗണനയ്ക്കെതിരെ പ്രതികരിക്കാത്ത കേരളത്തിലെ പ്രതിപക്ഷം ബിജെപിയുടെ ‘ബി ടീമായി’ മാറിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. വികസനത്തെ എതിർക്കുന്ന നിലപാടാണ് കോൺഗ്രസും യുഡിഎഫും സ്വീകരിക്കുന്നത്. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നയങ്ങളെ അവർ പ്രോത്സാഹിപ്പിക്കുകയാണെന്നും, വസ്തുതകൾ മറച്ചുവെച്ച് സർക്കാരിനെതിരെ പ്രചാരണം നടത്താനാണ് മാധ്യമങ്ങൾക്കും താൽപ്പര്യമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Share Email
LATEST
More Articles
Top