തിരുവനന്തപുരം: കേരളത്തിലെ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷന്‍റെ (SIR) ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 2,69,90,240 വോട്ടർമാരാണുള്ളത്. വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി വിവിധ കാരണങ്ങളാൽ 9,06,211 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. മരണപ്പെട്ടവരും താമസം മാറിയവരുമാണ് ഒഴിവാക്കപ്പെട്ടവരിൽ ഭൂരിഭാഗവും.
നിലവിൽ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ആശങ്ക വേണ്ടെന്നും പേര് ചേർക്കാൻ ഇനിയും അവസരമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ അർഹരായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്.
നിങ്ങളുടെ പേര് പരിശോധിക്കാൻ:
പൊതുജനങ്ങൾക്ക് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. electoralsearch.eci.gov.in എന്ന വെബ്സൈറ്റിലൂടെ വോട്ടർ ഐഡി നമ്പറോ, പേരോ, മൊബൈൽ നമ്പറോ ഉപയോഗിച്ച് വിവരങ്ങൾ തേടാം. കൂടാതെ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in സന്ദർശിച്ച് ‘Kerala SIR Final Electoral Roll 2026’ എന്ന ലിങ്ക് വഴിയും ബൂത്ത് തിരിച്ചുള്ള പട്ടിക പരിശോധിക്കാവുന്നതാണ്.













