തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ സമരം ശക്തമാക്കുന്നു. നെടുമങ്ങാട് ആശുപത്രിയിലെ ഒ.പി സേവനങ്ങൾ നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിന് പുറമെ, വരാനിരിക്കുന്ന ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഡ്യൂട്ടി ബഹിഷ്കരിക്കാനും സംഘടന തീരുമാനിച്ചു. മറ്റന്നാൾ തിരുവനന്തപുരം ജില്ലയിലുടനീളം ഒ.പി ബഹിഷ്കരിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡോക്ടർക്കെതിരായ നടപടി പിൻവലിക്കുക, ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്ത പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വരുന്നതിന് മുൻപേ ആൾക്കൂട്ട സമ്മർദ്ദത്തിന് വഴങ്ങിയാണ് ഡോക്ടറെ സസ്പെൻഡ് ചെയ്തതെന്നാണ് സംഘടനയുടെ ആരോപണം. ചികിത്സാ കാര്യങ്ങളിൽ ഡോക്ടർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും ആരോപിക്കപ്പെടുന്ന കൈക്കൂലി പരാതി അടിസ്ഥാനരഹിതമാണെന്നും കെ.ജി.എം.ഒ.എ അവകാശപ്പെടുന്നു.
അന്വേഷണ റിപ്പോർട്ട്: സിസേറിയൻ വൈകിയതിൽ ഗുരുതര വീഴ്ച
അതേസമയം, പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിന് വീഴ്ച സംഭവിച്ചതായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധ സമിതി കണ്ടെത്തി. സിസേറിയൻ തീരുമാനിക്കുന്നതിലും അത് നടപ്പിലാക്കുന്നതിലും അനാവശ്യമായ കാലതാമസം ഉണ്ടായതായാണ് മൂന്നംഗ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടൊപ്പം ഡോക്ടർക്കെതിരെ ഉയർന്ന കൈക്കൂലി ആരോപണത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.













