‘ട്രംപിന് മുന്നിൽ മോദി കീഴടങ്ങി’, വ്യാപാര കരാറിൽ ലോക്സഭയിൽ പ്രതിഷേധം ഇരമ്പി, ഡീനും ഹൈബിയുമടക്കം 8 എംപിമാർക്ക് സസ്പെൻഷൻ

‘ട്രംപിന് മുന്നിൽ മോദി കീഴടങ്ങി’, വ്യാപാര കരാറിൽ ലോക്സഭയിൽ പ്രതിഷേധം ഇരമ്പി, ഡീനും ഹൈബിയുമടക്കം 8 എംപിമാർക്ക് സസ്പെൻഷൻ

ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട തർക്കം ലോക്സഭയിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങിയെന്നും രാജ്യത്തെ വിറ്റുവെന്നും ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്. സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ പ്രധാനമന്ത്രിയെ ‘കോംപ്രമൈസ് മോദി’ എന്ന് വിശേഷിപ്പിക്കുകയും തുടർച്ചയായ മുദ്രാവാക്യം വിളികളാൽ സഭാ നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്തു.

പ്രതിഷേധം അതിശക്തമായതിന് പിന്നാലെ കേരളത്തിൽ നിന്നുള്ള എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരടക്കം എട്ട് പേരെ സ്പീക്കർ ഓം ബിർള സസ്പെൻഡ് ചെയ്തു. മണിക്കം ടാഗോർ, അമരീന്ദർ സിംഗ് രാജ വാറിംഗ്, ഗുർജത് ഔജ്ല, പ്രശാന്ത് പടോളെ, കിരൺ കുമാർ റെഡ്ഡി എന്നീ കോൺഗ്രസ് അംഗങ്ങളും സിപിഎമ്മിന്റെ സു വെങ്കിടേശനുമാണ് നടപടി നേരിട്ട മറ്റുള്ളവർ. സഭയുടെ അന്തസ്സ് തകർക്കുന്ന രീതിയിൽ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ സഭ പാസാക്കുകയായിരുന്നു.

സസ്പെൻഷൻ നടപടിക്ക് പിന്നാലെ പ്രതിപക്ഷ എംപിമാർ പാർലമെന്റ് വളപ്പിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. വിയോജിപ്പുകളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, ട്രംപുമായുള്ള കരാറിലെ ദുരൂഹതകൾ മറച്ചുപിടിക്കാനാണ് ഈ ധൃതിപിടിച്ച നടപടിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ബജറ്റ് സമ്മേളനത്തിന്റെ ബാക്കി കാലയളവിലേക്കാണ് സസ്പെൻഷൻ എന്നതിനാൽ വരും ദിവസങ്ങളിലും സഭയിൽ കനത്ത പ്രതിഷേധം തുടരാനാണ് സാധ്യത.

Share Email
LATEST
More Articles
Top