ബംഗാളിലെ വോട്ടർപട്ടിക പുതുക്കുന്നതുമായി (SIR) ബന്ധപ്പെട്ട കേസിലെ പരാതികൾ ബോധിപ്പിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ നേരിട്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലായിരുന്നു മമത തന്റെ വാദങ്ങൾ അവതരിപ്പിച്ചത്. കേസ് സംസാരിക്കാൻ അഞ്ച് മിനിറ്റ് സമയം ചോദിച്ച മമതയ്ക്ക്, ചീഫ് ജസ്റ്റിസ് 15 മിനിറ്റ് അനുവദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് കോടതിയിൽ മമത ഉന്നയിച്ചത്.
വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ആറ് തവണ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിട്ടും ഒരു മറുപടിയും ലഭിച്ചില്ലെന്ന് മമത കോടതിയെ അറിയിച്ചു. എവിടെയും നീതി ലഭിക്കാത്ത സാഹചര്യമാണെന്നും ജനാധിപത്യം സംരക്ഷിക്കാനാണ് താൻ പോരാടുന്നതെന്നും അവർ പറഞ്ഞു. “നീതി അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ കരയുകയാണ്” എന്ന വൈകാരികമായ പരാമർശവും വാദത്തിനിടെ മമത നടത്തി. മമതയുടെ പരാതികൾ ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ച കോടതി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന് ഉറപ്പുനൽകി.
മമത ബാനർജിയുടെ ഹർജിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജനാധിപത്യ പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചു. മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി വാദിച്ചത് കേസിന്റെ ഗൗരവം വർദ്ധിപ്പിച്ചിരിക്കുകയാണ്.











