.
ന്യൂഡൽഹി: തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിലൂടെ’ കേരളത്തിൽ നിന്നുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന പത്തുമാസക്കാരിയെയും അവളുടെ മാതാപിതാക്കളെയും രാജ്യാന്തര ശ്രദ്ധയിലേക്ക് കൊണ്ടുവന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട തീരാവേദനയ്ക്കിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച മാതാപിതാക്കളുടെ നിസ്തുലമായ മാതൃകയെ പ്രധാനമന്ത്രി പ്രകീർത്തിച്ചു.
വേദനയ്ക്കിടയിലും പകർന്നുനൽകിയ ജീവൻ,
വെറും പത്തുമാസം മാത്രം പ്രായമുള്ളപ്പോൾ ഈ ലോകത്തോട് വിടപറഞ്ഞ ആലിൻ ഷെറിൻ എബ്രഹാമിന്റെ വേർപാട് അതീവ ദുഃഖകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഒരു കൊച്ചുകുട്ടിയെ നഷ്ടപ്പെടുന്നതിനേക്കാൾ വലിയ വേദന മാതാപിതാക്കൾക്കില്ല. എന്നാൽ ആ ആഴമേറിയ ദുഃഖത്തിനിടയിലും ആലിന്റെ പിതാവ് അരുൺ എബ്രഹാമും അമ്മ ഷെറിനും എടുത്ത തീരുമാനം ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ ബഹുമാനം നിറയ്ക്കുന്നതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. അവയവദാനത്തിലൂടെ മറ്റൊരാൾക്ക് പുതുജീവൻ നൽകാനുള്ള ഇവരുടെ തീരുമാനം ഉന്നതമായ ചിന്താഗതിയുടെയും വിശാലമായ വ്യക്തിത്വത്തിന്റെയും അടയാളമാണെന്ന് മോദി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാക്കളിൽ ഒരാളായാണ് ആലിൻ ഇന്ന് അറിയപ്പെടുന്നത്.
രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നവരുടെ അവിശ്വസനീയമായ നേട്ടങ്ങളും അദ്ദേഹം പങ്കുവെച്ചു. മരണശേഷവും മറ്റൊരാളിലൂടെ ജീവിക്കാൻ സാധിക്കുന്ന അവയവദാനം എന്ന മഹത്തായ കർമ്മത്തിന് കൂടുതൽ പേർ മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കേരളത്തിലെ ഒരു സാധാരണ കുടുംബം കാണിച്ച ഈ വലിയ മനസ്സ് രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.













