കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പാർട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി വി. കുഞ്ഞികൃഷ്ണൻ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി. രക്തസാക്ഷി ധൻരാജിന്റെ കുടുംബത്തിനായി സമാഹരിച്ച ഫണ്ട് കെ.പി. മധു മോഷ്ടിച്ചതാണെന്നും ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു. ഫണ്ട് വെട്ടിപ്പ് ഒളിപ്പിക്കാനാണ് ഇത്തരം കണക്കുകൾ അംഗീകരിക്കുന്ന കെ.പി. മധുവിനെ ഏരിയ സെക്രട്ടറിയാക്കിയതെന്നും, രക്തസാക്ഷി ഫണ്ടിലെ പണം ഏരിയ കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ കെട്ടിട ഫണ്ടിലേക്ക് വകമാറ്റിയത് തന്നെ ഞെട്ടിച്ചുവെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
തട്ടിപ്പിൽ പങ്കുണ്ടെന്ന് ആരോപിക്കുന്ന ടി.ഐ. മധുസൂദനൻ എം.എൽ.എയെ അദ്ദേഹം പരസ്യ സംവാദത്തിന് ക്ഷണിച്ചു. കാര്യങ്ങൾ വിശദീകരിക്കാൻ തനിക്ക് പ്രത്യേക രേഖകളുടെ ആവശ്യമില്ലെന്നും എല്ലാം മനപ്പാഠമാണെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. 28 രസീറ്റുകൾ മുറിച്ചതിൽ 8 എണ്ണത്തിന്റെ പണം മധുസൂദനൻ പാർട്ടിക്ക് നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി നിശ്ചയിക്കുന്ന ഏത് വേദിയിലും വരാൻ താൻ തയ്യാറാണെന്നും തെറ്റുകൾ തിരുത്താതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫണ്ട് തട്ടിയെടുത്തവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പാർട്ടി അവരെ സംരക്ഷിക്കുകയാണെന്ന് കുഞ്ഞികൃഷ്ണൻ കുറ്റപ്പെടുത്തി. പാർട്ടിക്കുള്ളിൽ സംഭവിക്കാൻ പാടില്ലാത്ത പല കാര്യങ്ങളും നടക്കുന്നുണ്ടെന്നും താൻ നടത്തിയ ഓഡിറ്റിലൂടെയാണ് അഴിമതി പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാർക്ക് സംരക്ഷണം നൽകുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പയ്യന്നൂരിലെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുന്നത്.













