ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ വന്‍ തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ ഇത്തരത്തില്‍ 4500 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതാ യാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എക്‌സിക്യൂട്ടീവ് സെര്‍ച്ച് സ്ഥാപനമായ ലോംഗ ്ഹൗസ് കണ്‍സള്‍ട്ടിംഗിനെ അടിസ്ഥാനമാക്കി ടൈംസ് ഓഫ് ഇന്ത്യയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ ആധിപത്യമാണോ ഇത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമെന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്.പിരിച്ചു വിടലുകളില്‍ കൂടുതലും ഓണ്‍ലൈന്‍ റിയല്‍ മണി ഗെയിമിംഗ് മേഖലയില്‍ നിന്നാണ്. ഈ മേഖലയില്‍ ഉണ്ടായ നിരോധനം പല കമ്പനികളെയും ഒറ്റരാത്രികൊണ്ട് പ്രവര്‍ത്തനം നിര്‍ത്താന്‍ പ്രേരിപ്പിച്ചു. ഇത് വലിയ തോതിലുള്ള തൊഴില്‍ നഷ്ടത്തിലേക്ക് നയിച്ചു. ലോങ്ഹൗസ് കണ്‍സള്‍ട്ടിംഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ഗെയിമിംഗ് കമ്പനികളുടെ തകര്‍ച്ച മൊത്തത്തിലുള്ള പിരിച്ചുവിടല്‍ കണക്കുകള്‍ ഉയരുന്നതിന് കാരണമായി.
ഗെയിമിംഗ് മേഖലയ്ക്ക് പുറമെ, സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തന രീതിയിലുണ്ടായ മാറ്റങ്ങളും തൊഴില്‍ നഷ്ടത്തിന് കാരണമാകുന്നുണ്ട എഐ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളുടെ വരവ് തൊഴില്‍ രീതിയെമാറ്റിമറിച്ചു. കുറഞ്ഞ ജീവനക്കാരെ വെച്ച് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ എഐ സഹായിക്കുന്നുണ്ടെന്നാണ് സ്ഥാപകരുടെ വിലയിരുത്തല്‍.
ഹോം ഡെക്കര്‍ സ്റ്റാര്‍ട്ടപ്പായ ലിവ്സ്പേസ് 1,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. എഐ വഴി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ചെലവ് കുറയ്ക്കാനുമാണ് ഈ നടപടിയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം എല്ലാ പിരിച്ചുവിടലുകള്‍ക്കും കാരണം എഐ മാത്രമല്ലെന്ന് ലോങ്ഹൗസ് സിഇഒ അന്‍ഷുമാന്‍ ദാസ് പറയുന്നു. നിലവില്‍ അത്യാവശ്യമുള്ള തസ്തികകളില്‍ മാത്രമേ പുതിയ നിയമനങ്ങള്‍ നടക്കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോര്‍ട്ടര്‍, സെപ്റ്റോ, കൃത്രിം, സുപ്പീ തുടങ്ങിയ പ്രമുഖ സ്റ്റാര്‍ട്ടപ്പുകളും ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പിരിച്ചുവിടല്‍ നടപടികള്‍ എഐ വഴിയുള്ള ഒപ്റ്റിമൈസേഷന്‍ കാരണമല്ലെന്ന് സെപ്റ്റോ വക്താവ് വ്യക്തമാക്കി. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ 300 ജീവനക്കാരെയാണ് സെപ്റ്റോ ഒഴിവാക്കിയത്. ഗെയിമിംഗ് പ്ലാറ്റ്ഫോമായ സുപ്പീ രണ്ട് ഘട്ടങ്ങളിലായി ആകെ 370 പേരെ ഒഴിവാക്കി.
Massive layoffs in Indian startups: 4,500 people lost their jobs in eight months











