ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരെ വീണ്ടും ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയ്ക്കിടെ പുന്നപ്ര സ്വദേശിനിയായ ഉഷാ ജോസഫിന്റെ വയറ്റിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക മറന്നുവെച്ചതായാണ് പരാതി. കഴിഞ്ഞ അഞ്ചു വർഷമായി കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന ഉഷ, കഴിഞ്ഞ ദിവസം നടത്തിയ എംആർഐ സ്കാനിംഗിലൂടെയാണ് വയറ്റിൽ ലോഹവസ്തു ഇരിക്കുന്ന വിവരം തിരിച്ചറിഞ്ഞത്. ഇതോടെ ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.
ശസ്ത്രക്രിയ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ഉഷയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് പലതവണ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയെങ്കിലും മൂത്രത്തിൽ കല്ല് ആണെന്ന് പറഞ്ഞ് അധികൃതർ മടക്കി അയക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. വേദന സഹിക്കവയ്യാതെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് അഞ്ചു വർഷമായി തുടരുന്ന ദുരിതത്തിന്റെ കാരണം പുറത്തുവന്നത്. വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ഈ പിഴവ് സംഭവിച്ചതെന്ന് കുടുംബം ഉറപ്പിച്ചു പറയുന്നു.
അതേസമയം, പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പ്രതികരിച്ചു. അഞ്ചു വർഷം മുൻപത്തെ കാര്യമായതിനാൽ അന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ ഇപ്പോൾ ആശുപത്രിയിലില്ലെന്നും മറ്റ് സ്ഥലങ്ങളിലേക്ക് മാറിപ്പോയെന്നുമാണ് അധികൃതരുടെ പ്രാഥമിക വിശദീകരണം. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹർഷീനയുടെ സംഭവത്തിന് സമാനമായ ഈ വീഴ്ചയിൽ ആരോഗ്യവകുപ്പ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടേക്കും.













