വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ വീഴ്ചയിൽ നടപടി, 5 വർഷം മുന്നെ കത്രിക മറന്നുവെച്ച ഡോക്ടർക്കും നഴ്‌സിനും സസ്‌പെൻഷൻ

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ വീഴ്ചയിൽ നടപടി, 5 വർഷം മുന്നെ കത്രിക മറന്നുവെച്ച ഡോക്ടർക്കും നഴ്‌സിനും സസ്‌പെൻഷൻ

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ ഡോക്ടറെയും നഴ്‌സിനെയും സസ്‌പെൻഡ് ചെയ്തു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെ. ഷാഹിദ, നഴ്‌സ് പി.എസ്. ധന്യ എന്നിവർക്കെതിരെയാണ് ആരോഗ്യവകുപ്പിന്റെ നടപടി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ട് നിയോഗിച്ച നാലംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്.

പുന്നപ്ര സ്വദേശിനി ഉഷാ ജോസഫാണ് അഞ്ചുവർഷത്തോളം വയറ്റിൽ കത്രികയുമായി വേദന തിന്നു കഴിഞ്ഞത്. 2021 മെയ് മാസത്തിൽ കോവിഡ് കാലത്താണ് ഉഷ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിട്ടുമാറാത്ത വയറുവേദന അനുഭവപ്പെട്ടിരുന്നെങ്കിലും സാധാരണ അസ്വസ്ഥതകളാണെന്നാണ് കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ എം.ആർ.ഐ സ്കാനിംഗിലാണ് വയറ്റിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതര വീഴ്ച വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കോവിഡ് കാലത്തെ തിരക്കുകൾക്കിടയിൽ സംഭവിച്ച പിഴവാണിതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്ന് അന്വേഷണ സമിതി കണ്ടെത്തി. വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും രോഗിയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Share Email
LATEST
More Articles
Top