അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിശ്വസിക്കാനാവില്ലെന്ന രൂക്ഷവിമർശനവുമായി പാകിസ്താനിൽ വ്യാപക പ്രതിഷേധം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ ആണ് പാകിസ്ഥാനിൽ ട്രംപ് വിരുദ്ധ പ്രതിഷേധം കനക്കുന്നത്. ട്രംപിനെ സമാധാന നോബൽ പുരസ്കാരത്തിന് പാക് ഭരണകൂടം നാമനിർദ്ദേശം ചെയ്തതടക്കം ചൂണ്ടികാട്ടിയാണ് പ്രതിഷേധം. അമേരിക്കയുടെ പുതിയ നീക്കങ്ങൾ ദക്ഷിണേഷ്യയിലെ ശക്തിസമവാക്യങ്ങളെ തകിടം മറിക്കുമെന്നും ഇന്ത്യക്ക് നൽകുന്ന അമിത പ്രാധാന്യം തങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും പാക് പ്രതിപക്ഷവും മാധ്യമങ്ങളും ഒരേപോലെ ആരോപിക്കുന്നു.
അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷം പാകിസ്ഥാനോട് വലിയ അടുപ്പം കാട്ടിയ ട്രംപ് ഇപ്പോൾ ഇന്ത്യയുമായി കൂടുതൽ അടുക്കുന്നതിലെ നിലപാട് മാറ്റം ആണ് പാകിസ്ഥാനികൾ ചോദ്യമാക്കുന്നത്. പാകിസ്താൻ വലിയ ആശങ്കയോടെയാണ് അമേരിക്കയുടെ പുതിയ നയത്തെ കാണുന്നത്. തങ്ങളെ അവഗണിച്ച് ഇന്ത്യയുമായി വൻകിട പ്രതിരോധ-വ്യാപാര കരാറുകളിൽ ഏർപ്പെടുന്നത് മേഖലയിലെ സുരക്ഷാ ഭീഷണിയാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ട്രംപിനെ നോബൽ പുരസ്കാരത്തിന് നിർദ്ദേശിച്ചത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനും സൈനിക മേധാവി അസീം മുനീറിനുമെതിരെ വിമർശനവും കനത്തിട്ടുണ്ട്. ‘ഇപ്പൊ എങ്ങനെ ഇരിക്കണ്’ എന്ന മട്ടിൽ പരിഹാസവും ശക്തമാണ്.
ട്രംപിന്റെ നയങ്ങൾ അസ്ഥിരമാണെന്നും ഏതു നിമിഷവും നിലപാടുകൾ മാറാൻ സാധ്യതയുള്ള അദ്ദേഹത്തെ വിശ്വസിക്കുന്നത് അപകടമാണെന്നും പാക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മുൻപ് പലതവണ പാകിസ്താനെ സഹായിക്കാമെന്ന് ഏറ്റ ട്രംപ് പിന്നീട് കടുത്ത നടപടികളിലേക്ക് നീങ്ങിയ ചരിത്രം അവർ ഓർമ്മിപ്പിക്കുന്നു. അമേരിക്കയുടെ ഈ ‘ഇന്ത്യ പ്രീണനം’ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ആഗോളവേദികളിൽ പ്രതിഷേധം ശക്തമാക്കാനാണ് പാകിസ്താന്റെ തീരുമാനം.











