മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിൽ; മാർച്ച് 2 വരെയുള്ള പരിപാടികൾ മാറ്റിവെച്ചു

മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിൽ; മാർച്ച് 2 വരെയുള്ള പരിപാടികൾ മാറ്റിവെച്ചു

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങി. പരിക്കേറ്റ് ചികിത്സയിലായിരുന്ന മന്ത്രി നിലവിൽ പത്തനംതിട്ടയിലെ സ്വന്തം വീട്ടിൽ വിശ്രമത്തിലാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാർച്ച് രണ്ടാം തീയതി വരെയുള്ള മന്ത്രിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചിട്ടുണ്ട്.

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്ത മന്ത്രിയോട് നാല് ദിവസം പൂർണ്ണ വിശ്രമമാണ് മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്.

നിലവിൽ മരുന്നുകൾ തുടരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഫോളോ-അപ്പ് ചികിത്സ നിർദ്ദേശിച്ചിട്ടുണ്ട്.

മന്ത്രി എവിടെയാണെന്നതിനെച്ചൊല്ലി കെ.എസ്.യു ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകൾ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിയെ കാണാനില്ലെന്നും “അഭിനയത്തിനുള്ള അവാർഡ്” നൽകണമെന്നും കെ.എസ്.യു ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി എത്തിയത്.

കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റതിനെത്തുടർന്നാണ് മന്ത്രി ചികിത്സ തേടിയത്. മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്നാണ് വീട്ടിലേക്ക് മാറ്റിയത്. വരും ദിവസങ്ങളിൽ ആരോഗ്യനില വിലയിരുത്തിയ ശേഷം മാത്രമേ മന്ത്രി ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങിയെത്തുകയുള്ളൂ.

Share Email
LATEST
More Articles
Top