ഇന്ത്യയോടേറ്റ നാണംകെട്ട തോൽവി; പാക് സൈനിക മേധാവി കടുപ്പിക്കുന്നു, പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി തെറിച്ചേക്കും

ഇന്ത്യയോടേറ്റ നാണംകെട്ട തോൽവി; പാക് സൈനിക മേധാവി കടുപ്പിക്കുന്നു, പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി തെറിച്ചേക്കും

ഇസ്‌ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയോട് 61 റൺസിന് ഏറ്റുവാങ്ങിയ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽ (PCB) വൻ അഴിച്ചുപണിക്ക് സാധ്യത. ടീമിന്റെ മോശം പ്രകടനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ പാക് സൈനിക മേധാവി ജനറൽ അസിം മുനീർ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ നേരിട്ട് നിലപാട് അറിയിച്ചതായാണ് റിപ്പോർട്ട്. ഇതോടെ പിസിബി ചെയർമാനും പാക് ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിയുടെ കസേര തെറിക്കുമെന്ന സൂചനകൾ ശക്തമായി.

ടീമിന്റെ തോൽവിക്ക് പുറമെ, സൈനിക മേധാവി അസിം മുനീറിന്റെ പേര് നഖ്‌വി അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതും സൈന്യത്തെ ചൊടിപ്പിച്ചിട്ടുണ്ട്. “ഞങ്ങളുടെ ഫീൽഡ് മാർഷൽ അസിം മുനീറിനെ എല്ലാവർക്കും അറിയാം” എന്ന് ഐസിസിയുമായുള്ള തർക്കത്തിനിടെ നഖ്‌വി പറഞ്ഞത് സൈനിക അനുമതിയില്ലാതെയായിരുന്നു.

ടീമിന്റെ തയ്യാറെടുപ്പിലുണ്ടായ വീഴ്ചയും ബോർഡിന്റെ ഭരണപരമായ പരാജയങ്ങളും കായിക തോൽവിയേക്കാൾ ഉപരിയായി രാജ്യത്തിന്റെ അന്തസ്സിനെ ബാധിച്ചുവെന്നാണ് സൈനിക നേതൃത്വത്തിന്റെ വിലയിരുത്തൽ.

നഖ്‌വിക്ക് ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും അയോഗ്യർക്ക് ഇത്തരം പദവികൾ നൽകുന്നത് വലിയ തെറ്റാണെന്നും മുൻ താരം ഷൊയ്ബ് അക്തർ ആഞ്ഞടിച്ചു. ഒരു മത്സരമെങ്കിലും ജയിപ്പിക്കാൻ കഴിയാത്ത നഖ്‌വിയെ എന്തിനാണ് സൂപ്പർസ്റ്റാർ ആക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കൊളംബോയിലെ സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ നഖ്‌വി, പാക് ബാറ്റിംഗ് തകർച്ച നേരിട്ടതോടെ പകുതിക്ക് വെച്ച് മടങ്ങിയിരുന്നു. വരും ദിവസങ്ങളിൽ പാക് ക്രിക്കറ്റിലും ഭരണതലത്തിലും നിർണ്ണായകമായ പല മാറ്റങ്ങളും ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.


Share Email
LATEST excelnclexrn
More Articles
Top