നവീൻ ബാബുവിന്റെ മരണം: ആറ് സുപ്രധാന രേഖകൾ ഹാജരാക്കിയില്ലെന്ന് വാദം; ഹർജിയിൽ തുടർവാദം 26-ന്

നവീൻ ബാബുവിന്റെ മരണം: ആറ് സുപ്രധാന രേഖകൾ ഹാജരാക്കിയില്ലെന്ന് വാദം; ഹർജിയിൽ തുടർവാദം 26-ന്

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ തലശ്ശേരി സെഷൻസ് കോടതിയിൽ വാദം നടന്നു. അന്വേഷണ സംഘം കണ്ടെത്തിയ ആറ് സുപ്രധാന രേഖകൾ കോടതിയിൽ ഹാജരാക്കിയില്ലെന്ന് വാദിഭാഗം കോടതിയിൽ ഉന്നയിച്ചു. ഇതേത്തുടർന്ന് ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി കേസ് ഈ മാസം 26-ലേക്ക് മാറ്റി വെച്ചു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തലുകൾ തൃപ്തികരമല്ലെന്നും കുറ്റപത്രത്തിൽ 13 ഓളം ഗുരുതരമായ പിഴവുകൾ ഉണ്ടെന്നുമാണ് മഞ്ജുഷയുടെ ഹർജിയിൽ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കുറ്റപത്രത്തിൽ എല്ലാ വിവരങ്ങളും കൃത്യമായി നൽകിയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

കേസ് നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണ ഹർജിയിലൂടെ വാദിഭാഗം ശ്രമിക്കുന്നതെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. നേരത്തെ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചിരുന്ന ഈ ഹർജി തുടർവാദത്തിനായാണ് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. നിലവിലെ അന്വേഷണത്തിൽ പിഴവുകളുണ്ടെന്നും സത്യസന്ധമായ അന്വേഷണം വേണമെന്നുമാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ പ്രധാന ആവശ്യം.

Share Email
LATEST
Top