പാലക്കാട്: സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ ഡിസ്റ്റലറീസിൽ നിന്ന് പുറത്തിറങ്ങുന്ന പുതിയ ബ്രാൻഡിക്ക് ‘മിന്നൽ മാജിക്’ എന്ന് പേരിട്ടു. നേരത്തെ ‘മലബാർ മിസ്റ്ററി’ എന്ന പേരായിരുന്നു പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് ഇത് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. പാലക്കാട്ടെ ചിറ്റൂരിലുള്ള ഡിസ്റ്റലറിയിൽ നടന്ന ചടങ്ങിൽ എക്സൈസ് മന്ത്രി പുതിയ ബ്രാൻഡിയുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു.
ഒരു മാസത്തിനുള്ളിൽ തന്നെ ‘മിന്നൽ മാജിക്’ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി വിൽപനയ്‌ക്കെത്തും. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ഗുണമേന്മയുള്ള മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അര ലിറ്റർ ബ്രാൻഡിക്ക് ഏകദേശം 400 രൂപയോളമായിരിക്കും വിലയെന്നാണ് സൂചന. വിപണിയിലെ പ്രമുഖ ബ്രാൻഡുകളോട് മത്സരിക്കത്തക്ക രീതിയിലുള്ള വില്പനയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന ‘ജവാൻ’ റമ്മിന് ലഭിച്ച വലിയ ജനപ്രീതിക്ക് പിന്നാലെയാണ് ബ്രാൻഡി രംഗത്തേക്കും സർക്കാർ സജീവമാകുന്നത്. വരും മാസങ്ങളിൽ മിന്നൽ മാജിക്കിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം. ഇതോടെ കുറഞ്ഞ വിലയിൽ വിശ്വസനീയമായ മദ്യം തേടുന്നവർക്ക് പുതിയൊരു ഓപ്ഷൻ കൂടി ലഭ്യമാകും.













