തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ നിലപാട് അറിയിക്കാൻ സർക്കാരിന് ഇനിയും സമയമുണ്ടെന്ന് നിയമമന്ത്രി പി. രാജീവ്. വിഷയത്തിൽ പെട്ടെന്ന് ഒരു ‘യേസ്’ ഓർ ‘നോ’ പറയേണ്ട സാഹചര്യമല്ല നിലവിലുള്ളതെന്നും എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷം മാത്രമേ സർക്കാർ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയുമായി ബന്ധപ്പെട്ടത് സങ്കീർണ്ണമായ ഭരണഘടനാ പ്രശ്നങ്ങളാണെന്നും അവ ഒരു മിനിറ്റ് കൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ലെന്നും മന്ത്രി പറഞ്ഞു. വിശ്വാസവും സാമൂഹിക പരിഷ്കരണവും ഒരുമിച്ച് കൊണ്ടുപോകണമെന്നതാണ് സർക്കാരിന്റെ നയം. ഇതേ നിലപാട് തന്നെയാണ് നേരത്തെ നൽകിയ സത്യവാങ്മൂലത്തിലും ഉള്ളതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മുൻപ് വിധി വന്നപ്പോൾ സർക്കാർ അത് നടപ്പിലാക്കിയത് ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമായിട്ടാണെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.













