ചെനാബ് നദിയിലെ ഇന്ത്യൻ ജലവൈദ്യുത പദ്ധതിക്കെതിരെ പാകിസ്താൻ; പ്രതിഷേധം

ചെനാബ് നദിയിലെ ഇന്ത്യൻ ജലവൈദ്യുത പദ്ധതിക്കെതിരെ പാകിസ്താൻ; പ്രതിഷേധം

ജമ്മു കശ്മീരിലെ ചെനാബ് നദിയിൽ ഇന്ത്യ വമ്പൻ ജലവൈദ്യുത പദ്ധതി ആരംഭിച്ചതിൽ കടുത്ത പ്രതിഷേധവുമായി പാകിസ്താൻ രംഗത്തെത്തി. 1,856 മെഗാവാട്ട് ശേഷിയുള്ള ‘സാവൽകോട്ട്’ പദ്ധതിക്കും മറ്റ് അനുബന്ധ നിർമ്മാണങ്ങൾക്കും ഇന്ത്യ അനുമതി നൽകിയതാണ് പാകിസ്താനെ ചൊടിപ്പിച്ചത്. സിന്ധു നദീജല കരാറിന്റെ നഗ്നമായ ലംഘനമാണ് ഇന്ത്യ നടത്തുന്നതെന്നും ഇത് തങ്ങളുടെ രാജ്യത്തെ ജലസുരക്ഷയെ ബാധിക്കുമെന്നും പാകിസ്താൻ ആരോപിച്ചു. പടിഞ്ഞാറൻ നദികളിലെ ജലപ്രവാഹം തടയാൻ ഇന്ത്യക്ക് അവകാശമില്ലെന്നാണ് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ വാദം.

എന്നാൽ, അന്താരാഷ്ട്ര കരാറുകൾ ലംഘിക്കാതെയും നദിയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം നിൽക്കാതെയുമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. രാജ്യത്തിന്റെ വികസനാവശ്യങ്ങൾക്കായി സ്വന്തം അതിർത്തിക്കുള്ളിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പരമാധികാര തീരുമാനമാണെന്നും ഇതിൽ മറ്റ് രാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സിന്ധു നദീജല കരാർ പ്രകാരം പടിഞ്ഞാറൻ നദികളിൽ വൈദ്യുതി ഉൽപാദനത്തിനായി ജലം ഉപയോഗിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ഏകദേശം 22,000 കോടിയിലധികം രൂപ ചിലവ് പ്രതീക്ഷിക്കുന്ന സാവൽകോട്ട് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ജമ്മു കശ്മീരിലെ ഊർജ്ജ പ്രതിസന്ധിക്ക് വലിയ പരിഹാരമാകും. ഇതിനുപുറമെ കിഷ്ത്വാറിലെ പക്കൽ ദുൽ, കിരു, ക്വാർ പദ്ധതികളും ഇന്ത്യ വേഗത്തിലാക്കിയിട്ടുണ്ട്. ഈ നീക്കങ്ങൾ സിന്ധു നദീതട വ്യവസ്ഥയെ ആശ്രയിച്ച് കഴിയുന്ന പാകിസ്താനിലെ കൃഷിമേഖലയെ വരൾച്ചയിലേക്ക് നയിക്കുമെന്ന് ഭയന്നാണ് അയൽരാജ്യം അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്നത്.


Share Email
LATEST
More Articles
Top