മോദിയുടെ നിർണായക നീക്കം, ഇന്ത്യ-ബംഗ്ലാദേശ് തർക്കത്തിൽ മഞ്ഞുരുകുമോ? താരിഖ് റഹ്മാന്റെ നിലപാട് നിർണായകമാകും

മോദിയുടെ നിർണായക നീക്കം, ഇന്ത്യ-ബംഗ്ലാദേശ് തർക്കത്തിൽ മഞ്ഞുരുകുമോ? താരിഖ് റഹ്മാന്റെ നിലപാട് നിർണായകമാകും

ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) ചെയർമാൻ താരിഖ് റഹ്മാനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു. ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ താരിഖ് റഹ്മാന് അദ്ദേഹം ആശംസകൾ നേർന്നു. അയൽരാജ്യമെന്ന നിലയിൽ ബംഗ്ലാദേശിലെ ജനങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനും ജനാധിപത്യ പ്രക്രിയകൾക്കും ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.

ബംഗ്ലാദേശിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ നൽകുന്ന പ്രാധാന്യം സംഭാഷണത്തിൽ മോദി ഊന്നിപ്പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. ബംഗ്ലാദേശിലെ ജനവികാരം മാനിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളിൽ സഹകരിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

17 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം മടങ്ങിയെത്തിയ താരിഖ് റഹ്മാൻ ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ സജീവമായത് ഇക്കഴിഞ്ഞ ഡിസംബർ മാസത്തിലാണ്. പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയാണ് താരിഖിന്റെ ബിഎൻപി പാർട്ടി അധികാരത്തിലേറുന്നത്. കടുത്ത ഇന്ത്യ വിരുദ്ധനായ താരിഖ് പ്രധാനമന്ത്രി ആകുമെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് മോദിയുടെ നീക്കം എന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നു. മേഖലയിലെ സുരക്ഷയും ഉഭയകക്ഷി സഹകരണവും മെച്ചപ്പെടുത്തുന്നതിൽ പുതിയ നേതൃത്വവുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ താല്പര്യപ്പെടുന്നതായി ഈ സംഭാഷണം വ്യക്തമാക്കുന്നു. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Share Email
LATEST
Top