പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ‘സേവാതീർത്ഥി’ൽ; പുതിയ ഭരണസമുച്ചയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ‘സേവാതീർത്ഥി’ൽ; പുതിയ ഭരണസമുച്ചയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തിന് പുതിയ മാറ്റം കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഉൾപ്പെടുന്ന അത്യാധുനിക സമുച്ചയമായ ‘സേവാതീർത്ഥ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഓഫീസ് സൗത്ത് ബ്ലോക്കിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. സേവാതീർത്ഥിനൊപ്പം പ്രധാന മന്ത്രാലയങ്ങളെ ഒരേ കുടക്കീഴിൽ കൊണ്ടുവരുന്ന കർതവ്യ ഭവൻ 1, 2 സമുച്ചയങ്ങളും ഇതോടൊപ്പം രാഷ്ട്രത്തിന് സമർപ്പിച്ചു. ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എളുപ്പമാക്കുന്നതിനും ഈ പുതിയ മാറ്റം സഹായിക്കുമെന്ന് സർക്കാർ അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് കൂടാതെ കാബിനറ്റ് സെക്രട്ടറിയേറ്റ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയേറ്റ് എന്നിവയും ഇനി മുതൽ സേവാതീർത്ഥിലായിരിക്കും പ്രവർത്തിക്കുക. പ്രതിരോധം, ധനകാര്യം, ആരോഗ്യം, നിയമം തുടങ്ങി പ്രധാനപ്പെട്ട മന്ത്രാലയങ്ങളെല്ലാം കർതവ്യ ഭവൻ സമുച്ചയങ്ങളിലേക്ക് മാറ്റുന്നതോടെ ഡൽഹിയിലെ പലയിടങ്ങളിലായി ചിതറിക്കിടന്നിരുന്ന സർക്കാർ സംവിധാനങ്ങൾ ഒരിടത്ത് കേന്ദ്രീകരിക്കപ്പെടും. ഡിജിറ്റൽ സാങ്കേതിക വിദ്യയും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തി നിർമ്മിച്ച ഈ ഓഫീസുകൾ പഴയ കെട്ടിടങ്ങളിലെ അപര്യാപ്തതകൾക്കും ഉയർന്ന പരിപാലന ചെലവിനും പരിഹാരമാകും.

പുതിയ സമുച്ചയങ്ങളുടെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി തന്റെ നിലവിലെ ഓഫീസായ സൗത്ത് ബ്ലോക്കിലെത്തി അവസാന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു. ചരിത്രപ്രാധാന്യമുള്ള സൗത്ത് ബ്ലോക്ക് ഇതോടെ ഭരണപരമായ ദൗത്യങ്ങൾ പൂർത്തിയാക്കി പുതിയ പദവിയിലേക്ക് മാറും. നൂതനമായ തൊഴിൽ സാഹചര്യങ്ങളും വേഗത്തിലുള്ള തീരുമാനങ്ങൾ എടുക്കാനുള്ള സംവിധാനങ്ങളുമാണ് സേവാതീർത്ഥിന്റെ പ്രത്യേകതയെന്ന് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ ഭരണസംസ്കാരത്തിന്റെ പ്രതീകമായാണ് കേന്ദ്രസർക്കാർ ഈ സമുച്ചയത്തെ അവതരിപ്പിക്കുന്നത്.

Share Email
LATEST
More Articles
Top