ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ വയറ്റിൽ കത്രിക : ഡോ. ജെ. ഷാഹിദയെ പ്രതിചേർക്കാൻ പൊലീസ്

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ വയറ്റിൽ കത്രിക : ഡോ. ജെ. ഷാഹിദയെ പ്രതിചേർക്കാൻ പൊലീസ്


ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ ഡോക്ടർ ജെ. ഷാഹിദയെ പ്രതിചേർക്കാൻ പോലീസ് തീരുമാനിച്ചു. നിലവിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ ഷാഹിദയെയും സർജറി സംഘത്തിലുണ്ടായിരുന്ന നേഴ്സ് ധന്യ പി.എസിനെയും ആരോഗ്യവകുപ്പ് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പുന്നപ്ര സ്വദേശിനിയായ ഉഷാ ജോസഫിന്റെ വയറ്റിൽ നിന്നാണ് 7 സെന്റിമീറ്റർ നീളമുള്ള ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്.

2021 മേയ് 12-നായിരുന്നു ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനായി ഉഷയെ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. തുടർന്ന് അഞ്ചുവർഷത്തോളം കടുത്ത വയറുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവിച്ച ഉഷ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും വീഴ്ച കണ്ടെത്താനായില്ല. അടുത്തിടെ മൂത്രത്തിൽ കല്ലുണ്ടെന്ന സംശയത്തെത്തുടർന്ന് നടത്തിയ എക്സ്-റേ പരിശോധനയിലാണ് വയറ്റിനുള്ളിൽ കത്രിക കുടുങ്ങിക്കിടക്കുന്ന വിവരം പുറത്തറിയുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ ഈ ഉപകരണം ഇപ്പോൾ പുറത്തെടുത്തിട്ടുണ്ട്.

സംഭവം വിവാദമായതോടെ മെഡിക്കൽ കോളേജ് അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. ശസ്ത്രക്രിയ നടത്തിയത് താനാണോ എന്ന് കൃത്യമായി ഓർമ്മയില്ലെന്നായിരുന്നു ഡോ. ഷാഹിദയുടെ ആദ്യ പ്രതികരണമെങ്കിലും കേസ് ഷീറ്റിലെ വിവരങ്ങൾ ഷാഹിദയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നതെന്ന് സ്ഥിരീകരിച്ചു. ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്ന ഒൻപത് പേരുടെ മൊഴി രേഖപ്പെടുത്താനും കത്രിക ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Share Email
LATEST
More Articles
Top