തോളോട് തോൾ ചേർന്ന് റഷ്യ; ഇറാനെ തൊട്ടാൽ അത് ‘തീക്കളി’ എന്ന് ട്രംപിന് മുന്നറിയിപ്പ്

തോളോട് തോൾ ചേർന്ന് റഷ്യ; ഇറാനെ തൊട്ടാൽ അത് ‘തീക്കളി’ എന്ന് ട്രംപിന് മുന്നറിയിപ്പ്

ഇറാനെതിരെയുള്ള ഏതൊരു സൈനിക നീക്കവും ‘തീക്കളി’ ആണെന്ന് അമേരിക്കയ്ക്ക് റഷ്യയുടെ കർശന മുന്നറിയിപ്പ്. അമേരിക്ക പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഈ മുന്നറിയിപ്പ് നൽകിയത്. ഇറാനെതിരെ പുതിയ സൈനിക നടപടികൾ ഉണ്ടായാൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും ആണവ ദുരന്തങ്ങൾക്കും വഴിവെക്കുമെന്ന് ലാവ്‌റോവ് ഓർമ്മിപ്പിച്ചു. മേഖലയിലെ നിലവിലെ പോസിറ്റീവ് മാറ്റങ്ങളെ അട്ടിമറിക്കാൻ മാത്രമേ സംഘർഷങ്ങൾ സഹായിക്കൂ എന്നും റഷ്യ വ്യക്തമാക്കി.

അതേസമയം, ഇറാനെതിരെയുള്ള സമ്മർദ്ദം അമേരിക്ക ശക്തമാക്കുകയാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾക്കും ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന കർശന നിലപാടിലുമാണ് അമേരിക്ക. ഇതിന്റെ ഭാഗമായി മാർച്ച് പകുതിയോടെ പശ്ചിമേഷ്യയിൽ പൂർണ്ണമായ യുദ്ധസജ്ജീകരണങ്ങൾ പൂർത്തിയാക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്രങ്ങളെ ബാധിക്കുന്നത് ലോകത്തെ തന്നെ ഭീതിയിലാഴ്ത്തുന്നുണ്ട്.

അമേരിക്കൻ ഭീഷണിയെ പ്രതിരോധിക്കാൻ റഷ്യയുമായി കൈകോർത്ത് മുന്നോട്ട് പോകാനാണ് ഇറാന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ മേഖലയിലും ഒമാൻ കടലിലുമായി ഇരു രാജ്യങ്ങളും സംയുക്ത നാവികാഭ്യാസം ആരംഭിച്ചു കഴിഞ്ഞു. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര ഭീകരവാദത്തെ നേരിടുന്നതിനുമാണ് ഈ സൈനിക പ്രകടനം എന്നാണ് ഔദ്യോഗിക വിശദീകരണം. റഷ്യയിൽ നിന്ന് വൻതോതിൽ പ്രകൃതിവാതകം വാങ്ങാനുള്ള തീരുമാനവും അമേരിക്കൻ ഉപരോധങ്ങളെ മറികടക്കാൻ ഇറാനെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.


Share Email
LATEST
Top