ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കരാറിലൂടെ രാജ്യത്തിന്റെ താൽപ്പര്യങ്ങൾ പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തതായി അദ്ദേഹം കുറ്റപ്പെടുത്തി. ‘കോംപ്രമൈസ്ഡ് മോദി’ എന്നാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത്. അമേരിക്കയിലെ അദാനിക്കെതിരായ കൈക്കൂലി കേസ് മോദിക്കുമേൽ വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും ഇതിൽ നിന്ന് രക്ഷപ്പെടാനാണ് രാജ്യത്തിന് തിരിച്ചടിയാകുന്ന കരാറിൽ ഒപ്പിട്ടതെന്നും അദ്ദേഹം ആരോപിച്ചു.
അമേരിക്ക ഇതുവരെ പുറത്തുവിടാത്ത ‘എപ്സ്റ്റീൻ ഫയലുകൾ’ സംബന്ധിച്ചും രാഹുൽ ഗാന്ധി ഗുരുതരമായ പരാമർശങ്ങൾ നടത്തി. ഈ ഫയലുകളിൽ പ്രധാനമന്ത്രിയെക്കുറിച്ച് എന്താണുള്ളതെന്ന് അറിയാൻ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സത്യം പുറത്തുവരുന്നതിൽ പ്രധാനമന്ത്രി ഭയപ്പെടുകയാണെന്നും, അമേരിക്കൻ ഭരണകൂടത്തിന് മുന്നിൽ മോദി മുട്ടുമടക്കിയത് ഇത്തരം രഹസ്യങ്ങൾ പുറത്തുവരാതിരിക്കാനാണെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി ട്രംപ് അല്ലെന്നും രാജ്യത്തിന്റെ ഭാവി നിശ്ചയിക്കേണ്ടത് ഇന്ത്യക്കാരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വ്യാപാര കരാറിന്റെ പൂർണ്ണരൂപം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കർഷകർക്കും സാധാരണക്കാർക്കും തിരിച്ചടിയാകുന്ന വ്യവസ്ഥകളാണ് കരാറിലുള്ളതെന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു. പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത് ശബ്ദമടപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, ഇത്തരം ഭീഷണികൾക്ക് മുന്നിൽ തങ്ങൾ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ താൽപ്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന കരാറിലൂടെ ഇന്ത്യൻ വിപണി വിദേശികൾക്ക് അടിയറവ് വെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.













