ബജറ്റ് പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നില്ല, കേരളത്തിനോടുള്ള അവഗണയിലും ലോക്സഭയിൽ ആഞ്ഞടിച്ച് തരൂർ, വ്യാപാര കരാറിലും വിമർശനം

ബജറ്റ് പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നില്ല, കേരളത്തിനോടുള്ള അവഗണയിലും ലോക്സഭയിൽ ആഞ്ഞടിച്ച് തരൂർ, വ്യാപാര കരാറിലും വിമർശനം

കേന്ദ്ര ബജറ്റ് 2026-27 ന്മേൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ എംപി. തകർന്നുകൊണ്ടിരിക്കുന്ന ഒരു കാറിന്റെ എയർബാഗുകൾ പുനർക്രമീകരിക്കുന്നത് പോലെയാണ് ഈ ബജറ്റെന്ന് അദ്ദേഹം പരിഹസിച്ചു. തൊഴിലില്ലായ്മയും വിലക്കയറ്റവും പോലുള്ള കാതലായ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും, വെറും തലക്കെട്ടുകൾ സൃഷ്ടിക്കാൻ മാത്രമുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ – യു എസ് വ്യാപാര കരാറിനെതിരേയും തരൂർ വിമർശനം ഉന്നയിച്ചു. കർഷർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കരാർ എന്നാണ് തരൂർ പറഞ്ഞത്.

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയും തരൂർ ചർച്ചയിൽ ഉന്നയിച്ചു. വർഷങ്ങളായി കേരളം ആവശ്യപ്പെടുന്ന എയിംസ് (AIIMS) അനുവദിക്കുന്നതിൽ കേന്ദ്രം ഇപ്പോഴും മൗനം തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റെയിൽവേ മേഖലയിലും വിഴിഞ്ഞം പദ്ധതിയുടെ അനുബന്ധ വികസന പ്രവർത്തനങ്ങളിലും കേരളത്തെ പരിഗണിച്ചില്ല. വിദേശരാജ്യങ്ങളിൽ നിന്നുള്ള ഭീഷണി നേരിടാൻ സജ്ജമാണെന്ന് പറയുന്ന സർക്കാർ, രാജ്യത്തെ തീരശോഷണം തടയുന്നതിനും കടൽഭിത്തി നിർമ്മാണത്തിനും പണം നീക്കിവെക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾ ബജറ്റ് അവഗണിച്ചതായും തരൂർ ആരോപിച്ചു. ജിഡിപിയുടെ വലിയൊരു ഭാഗം സംഭാവന ചെയ്യുന്ന കൃഷിക്ക് ബജറ്റിൽ വെറും മൂന്ന് ശതമാനം മാത്രമാണ് നീക്കിവെച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണെന്നും കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജന മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ഇടപെടൽ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റുകളുടെ നികുതി കുറയ്ക്കുകയും സാധാരണക്കാരായ നികുതിദായകർക്ക് മേൽ ഭാരം അടിച്ചേൽപ്പിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശശി തരൂർ നടത്തിയ ഈ കടന്നാക്രമണം ലോക്സഭയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. പ്രതിപക്ഷ നിരയ്ക്ക് വേണ്ടി ചർച്ചയ്ക്ക് നേതൃത്വം നൽകിയ അദ്ദേഹം, ബജറ്റ് സുതാര്യമല്ലെന്നും നിരാശാജനകമാണെന്നും ആവർത്തിച്ചു. പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പിലാക്കാൻ ആവശ്യമായ തുക വകയിരുത്തിയിട്ടില്ലെന്നും കേവലം രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള രേഖ മാത്രമായി ബജറ്റ് മാറിയെന്നുമാണ് തരൂരിന്റെ പ്രധാന ആരോപണം.

Share Email
LATEST
More Articles
Top