ശബരിമല യുവതീപ്രവേശന സമരകാലത്ത് ബിജെപി സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ താൻ നടത്തിയ നിർണായക ഇടപെടലുകൾ വെളിപ്പെടുത്തി ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. തന്റെ പുതിയ പുസ്തകത്തിലെ ‘ശബരിമല സമരവും സുവർണാവസര വിധിയും’ എന്ന അധ്യായത്തിലാണ് അദ്ദേഹം അക്കാലത്തെ സംഭവങ്ങൾ വിവരിക്കുന്നത്. യുവതികൾ പ്രവേശിക്കുമെന്ന ഘട്ടത്തിൽ നട അടച്ചിടാൻ തന്ത്രി കണ്ഠര് രാജീവറിന് നിയമോപദേശം നൽകിയത് താനാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. നട അടയ്ക്കുന്നത് കോടതിയലക്ഷ്യമാകില്ലെന്ന് തന്ത്രിക്ക് ഉറപ്പുനൽകിയതായും എന്തെങ്കിലും നടപടിയുണ്ടായാൽ താൻ ആദ്യ പ്രതിയാകാമെന്ന് വാക്ക് നൽകിയതായും അദ്ദേഹം പറയുന്നു.
യുവതീപ്രവേശനത്തിനായി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുവെന്ന് ശ്രീധരൻ പിള്ള ആരോപിച്ചു. രഹ്ന ഫാത്തിമയെയും കവിതയെയും പോലീസ് യൂണിഫോം ധരിപ്പിച്ച് പതിനെട്ടാം പടി വരെ എത്തിക്കാൻ ശ്രമിച്ചത് സർക്കാർ സ്പോൺസേർഡ് നീക്കമായിരുന്നു. ആചാരങ്ങൾ ലംഘിക്കാനുള്ള ഈ ശ്രമം ഗൂഢാലോചനയുടെ ഭാഗമാണെന്നും അവരുടെ ഇരുമുടിക്കെട്ടിൽ ആചാരപ്രകാരമുള്ള സാധനങ്ങളല്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “സുവർണാവസരം” എന്ന തന്റെ പ്രയോഗം ഗാന്ധിയൻ മാതൃകയിലുള്ള സമാധാനപരമായ സമരത്തിനുള്ള അവസരത്തെയാണ് സൂചിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
തന്ത്രിക്കെതിരെയും തനിക്കെതിരെയും വന്ന കോടതിയലക്ഷ്യ ഹർജികൾ സുപ്രീം കോടതി തള്ളിയത് തന്റെ നിലപാടുകളുടെ നിയമസാധുതയ്ക്ക് തെളിവാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. സർക്കാരിന്റെ പ്രതികാരമായാണ് തന്ത്രിയെ ഇപ്പോൾ 41 ദിവസം ജയിലിലടച്ചതെന്നും ഇതിന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മാപ്പ് പറയണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. തന്റെ ഉപദേശം നിയമവിരുദ്ധമല്ലായിരുന്നുവെന്ന് കോടതി തീരുമാനങ്ങൾ തെളിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.













