ഉഷയുടെ വയറ്റിൽ കുടുങ്ങിയ ശസ്ത്രക്രിയാ ഉപകരണം പുറത്തെടുത്തു, പോലീസിന് കൈമാറി; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

ഉഷയുടെ വയറ്റിൽ കുടുങ്ങിയ ശസ്ത്രക്രിയാ ഉപകരണം പുറത്തെടുത്തു, പോലീസിന് കൈമാറി; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ ശസ്ത്രക്രിയാ ഉപകരണം (ആർട്ടറി ഫോർസെപ്സ്) കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും രോഗിയായ ഉഷ ജോസഫിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഗ്യാസ്ട്രോ സർജറി, യൂറോളജി, ഗൈനക്കോളജി വിഭാഗം മേധാവികളുടെ സംയുക്ത നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

സർക്കാർ നിർദ്ദേശപ്രകാരം എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ടും സർജറി വിഭാഗം മേധാവിയും ശസ്ത്രക്രിയയിലുടനീളം നിരീക്ഷകരായി സന്നിഹിതരായിരുന്നു. അഞ്ചുവർഷത്തോളമായി ഉഷയുടെ ശരീരത്തിനുള്ളിലുണ്ടായിരുന്ന ഉപകരണം ആന്തരാവയവങ്ങളെ ബാധിക്കാത്ത രീതിയിൽ അതീവ ജാഗ്രതയോടെയാണ് ഡോക്ടർമാർ നീക്കം ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഉഷ നിരീക്ഷണത്തിലാണ്.

അതേസമയം, ഉഷയുടെ ശരീരത്തിൽ നിന്നും പുറത്തെടുത്ത ഉപകരണം അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി. കേസിലെ നിർണ്ണായക തെളിവെന്ന നിലയിൽ പോലീസ് സംഘം അമൃത ആശുപത്രിയിലെത്തി നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മടങ്ങിയത്. സംഭവത്തിൽ വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്ടർക്കും നഴ്‌സിനുമെതിരെ ഇതിനോടകം നടപടി സ്വീകരിച്ചിട്ടുണ്ട്.

Share Email
LATEST
More Articles
Top