ഷോളി കുമ്പിളുവേലി
ന്യൂയോര്‍ക്ക് : ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണടുവരെ ഹ്യൂസ്റ്റനില്‍ അരങ്ങേറുന്ന ഒമ്പതാമത് ഫോമാ അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി രജിസ്ട്രേഷന്‍ കമ്മിറ്റി രൂപീകരിച്ചു.
ശ്രീജിത്ത് കോമത്ത് (ഫിലാഡല്‍ഫിയ) ആണ് രജിസ്ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍. സാജന്‍ മൂലേപ്ലാക്കല്‍ (കാലിഫോര്‍ണിയ) കോര്‍ഡിനേറ്റര്‍ ആയും, നിധിന്‍ ജോയ് ആലപ്പാട്ട് (ന്യൂ ജേഴ്സി) സെക്രട്ടറിയായും പ്രവര്‍ത്തിക്കും. ഷീജ അജിത്ത് (ഫ്‌ലോറിഡ), ക്രിസ്റ്റഫര്‍ ജോര്‍ജ് (ഹ്യൂസ്റ്റണ്‍) എന്നിവര്‍ കമ്മിറ്റി അംഗങ്ങളുമാണ്.
ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് കോമത്തു, ഫിലഡല്‍ഫിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സമൂഹിക സാസ്‌കാരിക രംഗത്തെ പ്രമുഖനും, വിവര സാങ്കേതികവിദ്യ (ഐടി) വിദഗ്ധനുമാണ്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (MAP)യുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീജിത്ത്, വിവിധ സാമൂഹിക, മാനവീയ പദ്ധതികളിലൂടെ സമൂഹ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണിലും ദേശീയ തലത്തിലുള്ള കോണ്‍വെന്‍ഷനുകളിലും വിവിധ സബ് കമ്മിറ്റികളില്‍ മുന്‍പ് പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ മുന്‍ പരിചയവും ഐ.ടി മേഖലയിലെ പ്രവര്‍ത്തന പാടവവും രജിസ്‌ട്രേഷന്‍ നടപടികളില്‍ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്താന്‍ കഴിയുമെന്നതില്‍ സംശയവും ഇല്ല.
രജിസ്ട്രേഷന്‍ കമ്മിറ്റി കോര്‍ഡിനേറ്ററായ സാജന്‍ മൂലെപ്ലാക്കല്‍, നിലവില്‍ ഫോമയുടെ നാഷണല്‍ കമ്മിറ്റി അംഗമാണ്. ഫോമയുടെ 2024 ല്‍ നടന്ന ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ ചെയര്‍മാനായും, 2022 ഇല്‍ ഫോമയുടെ കാന്‍കൂണ്‍ കണ്‍വെന്‍ഷനില്‍ രജിസ്ട്രേഷന്‍ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള സാജന്‍, ഫോമാ വെസ്റ്റേണ്‍ റീജിയന്‍ ചെയര്‍മാന്‍, ഫോമാ സ്വാന്തന സംഗീതം കോര്‍ഡിനേറ്റര്‍, ഫോമാ വെസ്റ്റേണ്‍ റീജിയന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍, ഫോമയുടെ അംഗ സംഘടനകളായ മലയാളായി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ ( മങ്ക ) പ്രസിഡന്റ് , ബേമലയാളി ട്രഷറര്‍ തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് സാജന്‍ മൂലെപ്ലാക്കല്‍.
രജിസ്‌ട്രേഷന്‍ കമ്മിറ്റി സെക്രട്ടറി നിധിന്‍ ജോയ് ആലപ്പാട്ട്, കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (KANJ) എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായി നിലവില്‍ സേവനം അനുഷ്ഠിക്കുന്നു. കൂടാതെ, കേരള എന്‍ജിനേഴ്സ് അസോസിയേഷന്‍ (KEAN) ട്രഷററായും പ്രവര്‍ത്തിക്കുന്നു. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സ്വദേശിയായ നിധിന്‍, ഫൊമാ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നടത്തിയ നാഷണല്‍ കോണ്‍വന്‍ഷനിലെ യൂത്ത് ഫെസ്റ്റിവല്‍ കമ്മിറ്റിയിലും, കൂടാതെ ഫോമയുടെ ‘സ്‌ട്രെയിറ്റ് ഡ്രൈവ് വിത്ത് സഞ്ജു സാംസണ്‍’ പരിപാടിയുടെ ഓര്‍ഗനൈസിങ് കമ്മിറ്റിയിലും സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്
രജിസ്‌ട്രേഷന്‍ കമ്മിറ്റി അംഗം ഷീജ അജിത്, കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫോമാ (FOMAA) യിലെ സജീവ അംഗമാണ്. 2024-ലെ ഫോമാ കോണ്‍വെന്‍ഷനില്‍ രജിസ്‌ട്രേഷന്‍ കമ്മിറ്റി അംഗമായി സേവനമനുഷ്ഠിച്ചിട്ടുള്ള ഷീജ, ഫോമ സണ്‍ഷൈന്‍ റീജിയണല്‍ കള്‍ച്ചറല്‍ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായും , വനിതാ ഫോറത്തിന്റെ ചെയര്‍പേഴ്‌സണായും സേവനം ചെയ്യുന്നു. കൂടാതെ, സൗത്ത് വെസ്റ്റ് ഫ്‌ലോറിഡ മലയാളി അസോസിയേഷനില്‍ വിവിധ പദവികള്‍ വഹിച്ചിട്ടുള്ള ശീജ അജിത്, നിലവില്‍ സംഘടനയുടെ ട്രഷററായി സേവനമനുഷ്ഠിക്കുന്നു.
മറ്റൊരു രജിസ്‌ട്രേഷന്‍ കമ്മിറ്റി അംഗമായ ക്രിസ്റ്റഫര്‍ ജോര്‍ജ്, ഐ.ടി. വിദഗ്ധനും, സമര്‍പ്പിതനുമായ ഒരു സമൂഹിക നേതാവുമാണ്. നിരവധി വര്‍ഷങ്ങളായി ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ചു വിവിധ മേഖലകളില്‍പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം, നിലവില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (MAGH) യുടെ ജോയിന്റ് സെക്രട്ടറിയും ഐടി കോഓര്‍ഡിനേറ്ററും ആണ്. കൂടാതെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും, ക്ഷേമത്തിനുമായി, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ‘ഫ്രണ്ട്‌സ് ഓഫ് ടെക്‌സാസ് ഇന്റര്‍നാഷണല്‍’ എന്ന സംഘടനയുടെ ഡയറക്ടറും സെക്രട്ടറിയുമായും ക്രിസ്റ്റഫര്‍ സേവനമനുഷ്ഠിക്കുന്നു. കൂടാതെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫിസില്‍ പബ്ലിക് ലീഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫോമാ പ്രസിഡന്റ ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ പുതിയ രജിസ്‌ട്രേഷന്‍ കമ്മിറ്റിക്കു എല്ലാവിധ ആശംസകളും നേര്‍ന്നു.
The 9th Foma International Convention Registration Committee has been formed: Sreejith Komath – Chairman, Sajan Mooleplakkal Coordinato













