പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ വഷളാകുന്നു, ഗൾഫ് മേഖല മുഴുവൻ യുദ്ധഭീഷണിയിൽ, ഹോർമൂസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ

പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ വഷളാകുന്നു, ഗൾഫ് മേഖല മുഴുവൻ യുദ്ധഭീഷണിയിൽ, ഹോർമൂസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ

ടെഹ്‌റാൻ: ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിലെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ വഷളാവുകയാണ്. ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേലിലെയും അയൽരാജ്യങ്ങളിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസലാക്രമണം നടത്തി. ഇതിനു പിന്നാലെ ഗൾഫ് മേഖല മുഴുവൻ യുദ്ധഭീഷണിയിലാണ്. ഇവിടെ ലോകരാജ്യങ്ങൾ ഏതൊക്കെ ചേരിയിലാണ് എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.

അതിനിടെ ഹോർമൂസ് കടലിടക്ക് ഇറാൻ അടയ്ക്കും എന്ന വാർത്തയും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണത്തിന് തടസ്സമുണ്ടായാൽ അത് ഗൗരവതരമായ സാഹചര്യം സൃഷ്ടിക്കും. ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ പിടിച്ചുലച്ചേക്കാം. മുൻപും ഈ പ്രദേശം പലതവണ ഇറാൻ ലക്ഷ്യമിട്ടിട്ടുണ്ട്. ഇത് പൂർണമായും തടയപ്പെട്ടില്ലെങ്കിൽ പോലും, ടാങ്കറുകൾക്കുള്ള ഇൻഷുറൻസ് ചെലവ് വർധിക്കുകയും കപ്പൽ ഗതാഗതം മന്ദഗതിയിലാകുകയും ചെയ്യുന്നത് എണ്ണവിലയെ ബാധിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ ജലപാതയ്ക്ക് അതിന്റെ ഏറ്റവും കുറഞ്ഞ വീതിയുള്ള ഭാഗത്ത് വെറും 33 കിലോമീറ്റർ മാത്രമാണ് വീതിയുള്ളത്. എന്നാൽ, ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. 2025-ലെ കണക്കുകൾ പ്രകാരം, പ്രതിദിനം ഏകദേശം 1.3 കോടി ബാരൽ ക്രൂഡ് ഓയിൽ ഈ കടലിടുക്കിലൂടെ കടന്നുപോകുന്നുണ്ട്. സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎഇ തുടങ്ങിയ പ്രമുഖ എണ്ണ ഉത്പ്പാദക രാജ്യങ്ങൾ തങ്ങളുടെ കയറ്റുമതിക്കായി പ്രധാനമായും ആശ്രയിക്കുന്നത് ഈ പാതയെയാണ്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ക്രൂഡ് ഓയിൽ, എൽഎൻജി എന്നിവയുടെ 80 ശതമാനവും ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ ഏഷ്യൻ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. അതിനാൽ തന്നെ, ഈ പാതയിലെ ചെറിയൊരു അസ്ഥിരത പോലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക സുരക്ഷയെ നേരിട്ട് ബാധിക്കും. എണ്ണവില വർധിക്കുന്നത് ഓഹരി വിപണികളെ തളർത്തുന്നതിനൊപ്പം ഇറക്കുമതി ചെലവ് കുത്തനെ ഉയർത്താനും കാരണമാകും.

മേഖലയിലെ പ്രമുഖ അറബ് രാജ്യങ്ങളായ യുഎഇ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ എന്നിവർ ഇറാന്റെ നടപടിയെ ശക്തമായി അപലപിക്കുകയും അമേരിക്കയ്ക്കും ഇസ്രയേലിനും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഇറാൻ മിഡിൽ ഈസ്റ്റിൽ ഒറ്റപ്പെട്ട നിലയിലാണെങ്കിലും റഷ്യ, ചൈന എന്നീ വൻശക്തികളുമായുള്ള സൈനിക സഹകരണം വർധിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പാകിസ്താൻ ഈ സംഘർഷത്തിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ, ഫ്രാൻസും ഇറ്റലിയും ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.

പശ്ചിമേഷ്യയിൽ അതീവ ഗുരുതരമായ ഒരു അന്താരാഷ്ട്ര പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാസങ്ങൾ നീണ്ട സംയുക്ത ആസൂത്രണത്തിനൊടുവിലാണ് അമേരിക്കയും ഇസ്രയേലും തങ്ങൾക്കുമേൽ ആക്രമണം നടത്തിയത് എന്നാണ് ഇറാന്റെ ആരോപണം. ഇറാനെതിരെയുള്ള നീക്കത്തിൽ ഇസ്രയേലാണ് അമേരിക്കയുടെ പ്രധാന പങ്കാളി.

പാശ്ചാത്യ രാജ്യങ്ങളായ ജർമ്മനിയും ഫ്രാൻസും ഇറാന്റെ ആണവ നയങ്ങളെയും ആഭ്യന്തര നടപടികളെയും വിമർശിച്ച് അമേരിക്കയോടൊപ്പം നിൽക്കുന്നു. ഇറാന്റെ പ്രത്യാക്രമണത്തിന് ഇരയായ യുഎഇ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങൾ ഇറാന്റെ നടപടിയെ ‘അപകടകരമായ സംഘർഷം’ എന്നാണ് വിശേഷിപ്പിച്ചത്. നിലവിൽ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് അനുകൂലമായ നിലപാടാണ് അവർ കൈക്കൊണ്ടിട്ടുള്ളത്. തങ്ങളുടെ പരമാധികാരം ലംഘിച്ച് അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണമാണ് അറബ് രാജ്യങ്ങളെ ഇറാനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്.

യുഎഇ (അബുദാബി, ദുബായ്), ഖത്തർ (ദോഹ), കുവൈറ്റ്, സൗദി അറേബ്യ (റിയാദ്), ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടി നൽകി. ഇതിനെത്തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അടച്ചുപൂട്ടേണ്ടി വന്നു. ഇറാന്റെ സൈനിക നടപടികൾ തങ്ങളുടെ ഭൂപ്രദേശങ്ങളെയും പരമാധികാരത്തെയും നേരിട്ട് ബാധിച്ചതാണ് അറബ് രാജ്യങ്ങളെ ഇറാനെതിരെ ഏകീകൃതമായ നിലപാടെടുക്കാൻ പ്രേരിപ്പിച്ചത്.

തങ്ങളുടെ രാജ്യത്തിന് നേരെ നടന്ന മിസൈൽ ആക്രമണത്തെ ദേശീയ പരമാധികാരത്തിന്മേലുള്ള നഗ്‌നമായ ലംഘനമായാണ് ഖത്തർ കാണുന്നത്. സമാനമായി, തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് വന്ന മിസൈലുകളെ തടയാൻ കുവൈറ്റിനും യുഎഇയ്ക്കും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടിവന്നു. യുഎഇ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഈ രാജ്യങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച സൗദി, അവർ സ്വീകരിക്കുന്ന ഏത് പ്രതിരോധ നടപടികൾക്കും പിന്തുണ നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന്റെ ആക്രമണങ്ങൾക്ക് മറുപടി നൽകാനുള്ള പൂർണ അവകാശം തങ്ങൾക്കുണ്ടെന്ന് യുഎഇയും ഖത്തറും വ്യക്തമാക്കിയിട്ടുണ്ട്. അയൽരാജ്യങ്ങളിൽ ഒമാനെ മാത്രമാണ് ഇറാൻ ആക്രമണത്തിൽ നിന്ന് ഒഴിവാക്കിയത്. ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം വഷളായത് ഇറാനെ മേഖലയിൽ നയതന്ത്രപരമായി ഒറ്റപ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യ ആക്രമിക്കപ്പെട്ട മറ്റ് അറബ് രാജ്യങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി, പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ എന്നിവരുടെ വസതികളെ ലക്ഷ്യം വെച്ചുള്ള ആക്രമണം ഇറാൻ ഭരണകൂടത്തിന് വലിയ സുരക്ഷാ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. അതേസമയം, ഇറാഖിലും യമനിലും ഇറാൻ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്.

ലെബനനിലെ ഹിസ്ബുള്ളയാണ് ഇറാന്റെ ഏറ്റവും ശക്തമായ സഖ്യകക്ഷികളിലൊന്ന്. ഇറാഖിലെ ഇറാൻ അനുകൂല ഗ്രൂപ്പുകളായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സ് (PMF), യമനിൽ സ്വാധീനമുള്ള ഹൂത്തി വിമതർ, പലസ്തീനിലെ സായുധ സംഘടനയായ ഗാസയിലെ ഹമാസ് – ഇവരടങ്ങുന്ന ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ (Axis of Resistance) ആണ് ഇറാന്റെ പ്രധാന സൈനിക കരുത്ത്. അമേരിക്കയുടെയോ ഇസ്രയേലിന്റെയോ നേരിട്ടുള്ള ആക്രമണങ്ങളിൽ നിന്നുള്ള സുരക്ഷാ കവചമായാണ് ഇറാൻ ഇവരെ ഉപയോഗിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇസ്രയേൽ നൽകിയ തിരിച്ചടികൾ മൂലം ഇറാന്റെ ഈ സഖ്യകക്ഷികൾക്ക് ശക്തമായ ആഘാതം ഏറ്റിട്ടുണ്ട്.

അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തിൽ ഇറാന്റെ ഈ പ്രാദേശിക സഖ്യകക്ഷികളെ ദുർബലപ്പെട്ടവരായാണ് സ്രോതസ്സുകൾ സൂചിപ്പിക്കുന്നത്. ഈയടുത്തായി റഷ്യയും ചൈനയും ഇറാനുമായുള്ള സൈനിക സഹകരണം വർധിപ്പിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. അമേരിക്കയുടെ ആക്രമണത്തെ ശക്തമായി അപലപിച്ച റഷ്യ, ഇറാന്റെ നയതന്ത്ര കരുത്തിന് വലിയ പിന്തുണയാണ് നൽകുന്നത്. മേഖലയിൽ കൂടുതൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഇറാന് സൈനികവും രാഷ്ട്രീയവുമായ വലിയൊരു സുരക്ഷാ കവചമാണ് റഷ്യയുടെയും ചൈനയുടെയും പിന്തുണ നൽകുന്നത്. സമാധാന ശ്രമമെന്ന് പേരിൽ അമേരിക്ക നടത്തുന്ന ചർച്ചകൾ വെറും പ്രഹസനമാണ് എന്നാണ് റഷ്യൻ മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് വിമർശിച്ചത്. 2,500 വർഷത്തെ ചരിത്രമുള്ള പേർഷ്യൻ സാമ്രാജ്യത്തിന്റെ പിൻഗാമിയായ ഇറാന് 249 വർഷം മാത്രം പഴക്കമുള്ള അമേരിക്കയെക്കാൾ ക്ഷമയുണ്ടെന്ന മെദ്​വദേവിന്റെ പ്രസ്താവന ഇറാന്റെ ആത്മവിശ്വാസം ഉയർത്തുന്ന ഒന്നാണ്.

എന്നാൽ, പാരമ്പര്യമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പാകിസ്താൻ പോലും 2025-ലെ യുദ്ധസമയത്ത് ഇറാനിൽ നിന്ന് അകലം പാലിച്ചത് ഇറാന് വലിയ തിരിച്ചടിയായിട്ടുണ്ട്. അതേസമയം, മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിന് (de-escalation) സഹായിക്കുന്ന ഏതൊരു നീക്കത്തെയും പിന്തുണയ്ക്കുമെന്ന് ഇറ്റാലിയൻ സർക്കാർ അറിയിച്ചു. ഇതിനായി വരും മണിക്കൂറുകളിൽ മേഖലയിലെ നേതാക്കളുമായും സഖ്യകക്ഷികളുമായും ഇറ്റലി ബന്ധപ്പെടും. തങ്ങളുടെ സിവിൽ-രാഷ്ട്രീയ അവകാശങ്ങൾക്കായി ധീരമായി പോരാടുന്ന ഇറാനിലെ സാധാരണ ജനങ്ങളോട് ഇറ്റലി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഇറാനിലെ ജനങ്ങളുടെ അവകാശങ്ങളെ മാനിക്കണമെന്ന് പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ഓഫീസ് ആവർത്തിച്ച് ആവശ്യപ്പെട്ടു.

Share Email
Top