യുഎസുമായി ചേർന്ന് ഇറാനെതിരേയുള്ള ഇസ്രയേലിന്റെ ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും ലോകത്തെയൊന്നാകെ ആശങ്കപ്പെടുത്തുന്നതാണ്.
പശ്ചിമേഷ്യയിലെ യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിച്ചതോടെ സംഘർഷം രൂക്ഷമായി.
വിമാനക്കമ്പനികൾ വ്യോമപാതകൾ അടയ്ക്കുകയും വിവിധ രാജ്യങ്ങൾ പൗരന്മാരോട് സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറാൻ നിർദേശിക്കുകയും ചെയ്തു.
ആക്രമണപ്രത്യാക്രമണങ്ങൾ തുടരുന്നതിനാൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
അതേസമയം എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുണ്ടായാൽ സ്ഥിതി ഗുരുതരമാകും. എണ്ണവിതരണത്തെ പ്രതികൂലമായി ബാധിക്കുകയും അതുമൂലം എണ്ണവില കുതിച്ചുയരാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്ക ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും ഇറാൻ ഇപ്പോഴും ലോകത്തിലെ മുൻനിര എണ്ണ ഉത്പാദക രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ്. 1974-ൽ ഇറാനിലെ എണ്ണ ഉത്പാദനം പ്രതിദിനം ആറ് ദശലക്ഷം ബാരലായിരുന്നുവെന്നാണ് ഗ്ലോബൽ റിസ്ക് മാനേജ്‌മെൻ്റ് അനലിസ്റ്റ് ആർനെ ലോഹ്മാൻ റാസ്മുസെൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് വെളിപ്പെടുത്തിയത്.
ഒപെക്കിന്റെ കണക്കനുസരിച്ച്, ഇന്ന് രാജ്യത്തിൻ്റെ എണ്ണ ഉത്പാദനം പ്രതിദിനം 3.1 ദശലക്ഷം ബാരലാണ്. ഉപരോധങ്ങൾ രാജ്യത്തെ എണ്ണ ഉത്പാദനത്തിന് തടസ്സമുണ്ടാക്കിയിട്ടുണ്ട്. എന്നിട്ടും പ്രതിദിനം 1.3 ദശലക്ഷം മുതൽ 1.5 ദശലക്ഷം ബാരൽ വരെ എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. അതിൽ 80 ശതമാനത്തിലധികവും ചൈനയിലേക്കാണ് പോകുന്നതെന്നാണ് ഓയിൽ അനലിസ്റ്റ് ഓലെ ഹാൻസെൻ പറയുന്നത്. അതിനാൽ ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾ ഗുരുതര സാഹചര്യങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇറാനിലെ എണ്ണപ്പാടങ്ങൾ, എണ്ണ ശുദ്ധീകരണശാലകൾ എന്നിവയ്ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണം ലോകത്തിന് ഒരു വലിയ അളവിലുള്ള എണ്ണ ഉത്പാദന നഷ്ടം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഇറാനിലെ എണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ടു മാത്രമല്ല ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടും ആശങ്ക നിലനിൽക്കുന്നുണ്ട്. യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച്, 2024-ൽ ഈ കടലിടുക്ക് വഴി പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണ വിതരണം നടന്നിരുന്നു. ഇത് ലോകത്തിൻ്റെ മൊത്തം എണ്ണ ഉപഭോഗത്തിൻ്റെ ഏകദേശം 20 ശതമാനത്തോളം വരും. ഈ കടലിടുക്ക് വഴി ഗതാഗതം തടസ്സപ്പെടുന്നത് എണ്ണവിതരണത്തെ ബാധിക്കും.
ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന സ്വതന്ത്ര ചൈനീസ് എണ്ണ ശുദ്ധീകരണശാലകളെ പോലും അമേരിക്ക ലക്ഷ്യമിടുന്നുണ്ടെന്നാണ് വിവരം. ചൈന ഇപ്പോഴും ഇറാനിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. നിലവിലെ പശ്ചിമേഷ്യയിലെ സാഹചര്യം എണ്ണവില കുതിച്ചുയരുന്നതിന് ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു ബാരലിന് 100 ഡോളറിന് മുകളിൽ വരെ വില ഉയരാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ വില കൂടുന്നത് പണപ്പെരുപ്പത്തിന് സാഹചര്യമൊരുക്കും. ഇത് ഗതാഗതച്ചെലവുകൾ, ഭക്ഷ്യവില, ഉത്പാദന ചെലവുകൾ എന്നിവയെ ബാധിക്കും. അതായത് ലോകത്താകമാനം പ്രതിസന്ധിയുണ്ടാക്കുമെന്നർഥം.
ഇറാൻ ഹോർമുസ് കടലിടുക്ക് ലക്ഷ്യം വെക്കുമോ? ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണത്തിന് തടസ്സമുണ്ടായാൽ അത് ഗൗരവതരമായ സാഹചര്യം സൃഷ്ടിക്കും. ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ പിടിച്ചുലച്ചേക്കാം. മുൻപും ഈ പ്രദേശം പലതവണ ഇറാൻ ലക്ഷ്യമിട്ടിട്ടുണ്ട്. ഇത് പൂർണമായും തടയപ്പെട്ടില്ലെങ്കിൽ പോലും, ടാങ്കറുകൾക്കുള്ള ഇൻഷുറൻസ് ചെലവ് വർധിക്കുകയും കപ്പൽ ഗതാഗതം മന്ദഗതിയിലാകുകയും ചെയ്യുന്നത് എണ്ണവിലയെ ബാധിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ ജലപാതയ്ക്ക് അതിന്റെ ഏറ്റവും കുറഞ്ഞ വീതിയുള്ള ഭാഗത്ത് വെറും 33 കിലോമീറ്റർ മാത്രമാണ് വീതിയുള്ളത്. എന്നാൽ, ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്.
2025-ലെ കണക്കുകൾ പ്രകാരം, പ്രതിദിനം ഏകദേശം 1.3 കോടി ബാരൽ ക്രൂഡ് ഓയിൽ ഈ കടലിടുക്കിലൂടെ കടന്നുപോകുന്നുണ്ട്. സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎഇ തുടങ്ങിയ പ്രമുഖ എണ്ണ ഉത്പ്പാദക രാജ്യങ്ങൾ തങ്ങളുടെ കയറ്റുമതിക്കായി പ്രധാനമായും ആശ്രയിക്കുന്നത് ഈ പാതയെയാണ്.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ക്രൂഡ് ഓയിൽ, എൽഎൻജി എന്നിവയുടെ 80 ശതമാനവും ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ ഏഷ്യൻ രാജ്യങ്ങളിലേക്കാണ് എത്തുന്നത്. അതിനാൽ തന്നെ, ഈ പാതയിലെ ചെറിയൊരു അസ്ഥിരത പോലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക സുരക്ഷയെ നേരിട്ട് ബാധിക്കും. എണ്ണവില വർധിക്കുന്നത് ഓഹരി വിപണികളെ തളർത്തുന്നതിനൊപ്പം ഇറക്കുമതി ചെലവ് കുത്തനെ ഉയർത്താനും കാരണമാകും.













