(കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ)
കേരളത്തിന്റെ പരമ്പരാഗത ഭരണരീതികളിൽ നിന്നു വ്യത്യസ്തമായി വികസനത്തിന്റേതായ പുതിയൊരു സംസ്‌കാരശാസ്ത്രമുയർത്തി തെരഞ്ഞെടുപ്പ് വിജയം നേടി തിരുവനന്തപുരത്തിന്റെ നഗരപിതാവായ അഡ്വ: വി വി രാജേഷ് കെ എച്ച് എൻ എ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലൂടെ പ്രവാസികളുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.തിരുവനന്തപുരം നഗരത്തിന്റെ വികസന പദ്ധതികളും നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും ഈ സംവാദത്തിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു.
ഇന്ത്യയുടെ കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെ കാലത്തെ മന്ദഗതിയിലുള്ള പുരോഗതിക്കും രാഷ്ട്രീയ അഴിമതിക്കും അറുതിവരുത്തിക്കൊണ്ടു കേവലം പത്തുവർഷംകൊണ്ട് രാജ്യത്തെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക സൈനിക ശക്തിയാക്കാൻ പരിശ്രമിക്കുന്ന ഒരു പാർട്ടിയുടെ പ്രതിനിധിയായി കേരളത്തിന്റെ തലസ്ഥാന നഗരിയുടെ ഭരണം പിടിച്ചെടുത്ത മേയറുടെ നിർദിഷ്ട പരിഷ്കാരങ്ങളും നഗരം നേരിടുന്ന പ്രശ്നങ്ങളുമാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്.
ഇടുങ്ങിയ റോഡുകളും മാലിന്യക്കൂമ്പാരമായ തെരുവുകളും കാലങ്ങളായുള്ള കാലവർഷ കെടുതികളും വർധിച്ചു വരുന്ന തെരുവുനായ ഭീഷണിയും അവസാനിക്കാത്ത കുടിവെള്ള ദൗർലഭ്യവും സംവാദ വിഷയങ്ങളായി.
KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ നയിച്ച ഈ ചർച്ചയിൽ, തിരുവനന്തപുരവും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള ശ്രോതാക്കൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി സിനു നായർ അതിഥിയെയും പങ്കാളികളെയും സ്വാഗതം ചെയ്തു. ഇടുങ്ങിയ റോഡുകൾ, മാലിന്യ നിർമാർജനം, കാലവർഷ കെടുതികൾ, തെരുവുനായ പ്രശ്നം, കുടിവെള്ള ദൗർലഭ്യം തുടങ്ങിയ നഗര പ്രശ്നങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്.
ശ്രോതാക്കളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വ്യക്തതയോടെ മറുപടി നൽകിയ മേയർ, നഗരത്തിന്റെ മാലിന്യ പ്രശ്നം പരിഹരിക്കാനായി ഇന്ദോർ, ലക്നൗ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെ വിജയകരമായ മാലിന്യ നിർമാർജന പദ്ധതികളെ മാതൃകയാക്കി നൂതന പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി വെളിപ്പെടുത്തി.
വിഴിഞ്ഞം തുറമുഖം, ഐ.എസ്.ആർ.ഒ സ്പേസ് സെന്റർ, ശ്രീചിത്ര മെഡിക്കൽ സെന്റർ എന്നിവ ഉൾപ്പെടുന്ന തിരുവനന്തപുരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സൗന്ദര്യവൽക്കരണത്തിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തിനപ്പുറം പ്രത്യേക കേന്ദ്ര നഗര വികസന പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം അറിയിച്ചു.
ലോകപ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ഭീമാപള്ളി, വെട്ടുകാട് ദേവാലയം എന്നിവ ഉൾപ്പെടുത്തി സ്പിരിച്വൽ ടൂറിസം പാക്കേജ് രൂപീകരിക്കാനുള്ള വിഭാവനയും നഗരസഭയ്ക്കുണ്ടെന്ന് മേയർ വ്യക്തമാക്കി. ഇത് തിരുവനന്തപുരത്തെ ഒരു പ്രധാന ആത്മീയ-സാംസ്കാരിക ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണ്.
കേരളത്തിലെ ഒരു മേയർ അമേരിക്കയിലെ വിവിധ സർക്കാർ ഏജൻസികളുടെ ഭാഗമായി ജോലിചെയ്യുന്ന പ്രവാസികളായ പ്രൊഫഷനലുകളിൽ നിന്നും അനൗപചാരികമായി ഉപദേശം തേടുന്ന ആദ്യത്തെ ഒരു കൂടികാഴ്ച്ചയെന്ന പ്രത്യേകതയും ഈ മുഖാമുഖത്തിനുണ്ടായിരുന്നു. ട്രസ്‌റ്റി ബോർഡിന്റെ ചെയർപേഴ്സൺ വനജ നായർ , വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ , അപ്പുകുട്ടൻ നായർ , ടി എൻ നായർ, സുരേന്ദ്രൻ നായർ, ഡോ:രഞ്ജിനി പിള്ള, സനൽ ഗോപി, നന്ദകുമാർ ചക്കിങ്കൽ, അനഘ വാര്യർ, മധു നമ്പ്യാർ, രതീഷ് നായർ , ശ്രീജിത്ത് ശ്രീനിവാസൻ, ശ്രീകുമാർ , നാരായണൻ കുട്ടി , ഗിരീഷ് പോറ്റി, ശ്രീകുമാർ ചെല്ലപ്പൻ തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു. ട്രഷറർ അശോക് മേനോന്റെ നന്ദി പ്രകടനത്തോടെ പരിപാടികൾ സമാപിച്ചു.













